
നടിയും ഇൻഫ്‌ളുവൻസറും റിയാലിറ്റി ഷോ താരവുമായ ഖുഷി മുഖർജിയുമായി ബന്ധപ്പെടുത്തി റാപ്പർ സാന്റി ശർമ നടത്തിയ പരാമർശം വിവാദത്തിൽ. ഖുഷി മുഖർജിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് റാപ്പർ നടത്തിയ പരാമർശത്തിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇന്ത്യയിൽ വർധിച്ചുവരുന്ന ബലാത്സംഗങ്ങൾക്ക് കാരണം ഖുഷിയെ പോലുള്ളവരാണെന്നാണ് സാന്റി ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അടുത്തിടെ, അല്പം ശരീരംവെളിപ്പെടുത്തുന്ന തരത്തിലുള്ള വേഷത്തിൽ ഖുഷി മുഖർജി പൊതുയിടത്തിലെത്തിയിരുന്നു. ഇതിന്റെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈ വീഡിയോ പങ്കുവെച്ചാണ് റാപ്പർ വിവാദപരാമർശം നടത്തിയത്.
'ഇത്തരം പെൺകുട്ടികൾ കാരണം ഇന്ത്യയിൽ ബലാത്സംഗങ്ങൾ വർധിക്കുന്നു. കുട്ടികളും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ മാന്യവും സമൂഹത്തിന് നല്ലതുമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യണം. ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം', സാന്റി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഇത്തരം വേഷങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നത് ശരിയല്ല. കാരണം കുട്ടികളും ഇത് കാണും. ഇത്തരം ഉള്ളടക്കങ്ങൾക്കെതിരേ കർശനമായ നിയമങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സഹോദരീ, നമ്മുടെ വരും തലമുറയുടെ ഭാവിയെ നശിപ്പിക്കരുതെന്ന് അഭ്യർഥിക്കുന്നു', സാന്റി കൂട്ടിച്ചേർത്തു.
റാപ്പറുടെ പരാമർശത്തോട് ഖുഷി മുഖർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. വസ്ത്രധാരണത്തിന്റെ പേരിൽ മുമ്പും നടി വിമർശിക്കപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചായിരുന്നു നടി ഇത്തരം വിമർശനങ്ങളെ നേരിട്ടത്. വസ്ത്രധാരണത്തിൽ ജെനിഫർ ലോപ്പസ് ഉൾപ്പെടെയാണ് തന്റെ റോൾ മോഡൽ എന്നായിരുന്നു നടി പ്രതികരിച്ചത്.
Content Highlights: Rapper Sparks Outrage Over Victim-Blaming Comments on Khushi Mukherjee
Published: 06 Mar 2026, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented