കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകള്‍ ക്രമീകരിക്കുന്നതില്‍ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പര്‍ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. 'ബേബി കൂള്‍ ആയിരുന്നേ...' എന്ന വരികളില്‍ തുടങ്ങുന്ന റാപ്പ് ഗാനം ആകര്‍ഷകമായ ആനിമേഷന്‍ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെജോ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഫെജോ തന്നെയാണ്. ബീറ്റ് പ്രൊഡക്ഷന്‍ ജെഫിന്‍ ജസ്റ്റിനും, മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ അഷ്ബിന്‍ പോള്‍സണും നിര്‍വഹിക്കുന്നു. സോണി മ്യൂസിക് മലയാളം യൂട്യൂബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

To advertise here,

2009 മുതലാണ് ഫെജോയുടെ മലയാളം റാപ്പുകള്‍ യൂട്യൂബില്‍ ജനപ്രിയമാണ്. കൂടാതെ, സോഷ്യല്‍ മീഡിയയിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്സും കാഴ്ചക്കാരും ഫെജോയ്ക്ക് ഉണ്ട്. സിനിമയിലും സജീവമായ ഫെജോ 'മറഡോണ' എന്ന ചിത്രത്തിനായി റാപ്പ് ചെയ്തുകൊണ്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'മറഡോണ'യിലെ 'അപരദപങ്ക' എന്ന റാപ്പ് ഗാനം സൂപ്പര്‍ഹിറ്റായി മാറി, 'രണം' എന്ന ചിത്രത്തിലും ഫെജോ തന്റെ കഴിവ് തെളിയിച്ചതോടെ മലയാള സിനിമരംഗത്ത് ഫെജോക്ക് മികച്ച സ്വീകാര്യത കിട്ടി. 2025-ല്‍, 'പൈങ്കിളി' എന്ന മലയാളം ചിത്രത്തിലെ ഹാര്‍ട്ട് അറ്റാക്ക് എന്ന ഗാനത്തിലൂടെയാണ് ഫെജോ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്.

കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ 'ഉത്സവ രാവേ...' എന്ന ആല്‍ബവും സാഹസം സിനിമയിലെ 'ഓണം മൂഡ്' പാട്ടും വന്‍ തരംഗം ആയിരുന്നു. കൂടാതെ ഫെജോയുടെ 'ആയിരം ഔറ' എന്ന മലയാളം റാപ്പ് സോങ് ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുന്ന ഗാനമാണ്. 22 മില്യണ്‍ വ്യൂസാണ് ഇതുവരെ യൂട്യൂബില്‍ ലഭിച്ചത്. അതിനു മുന്‍പ് ഇറങ്ങിയ 'കൂടെ തുള്ള്' എന്ന ട്രെന്‍ഡിങ് ഗാനം 30 മില്യണ് മുകളിളാണ് യൂട്യൂബ് വ്യൂസ് നേടിയത്. റാപ്പിങ്, റാഫ്താര്‍, സുഷിന്‍ ശ്യാം എന്നിവരുള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഫെജോ 2009-ലാണ് തന്റെ സോളോ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വിവിധ മ്യൂസിക് ഷോകളില്‍ നിറസാന്നിധ്യമായി.

മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ലെ 'തലയുടെ വിളയാട്ട്', ടൊവിനോയുടെ 'മറഡോണ'യിലെ 'അപരാട പങ്ക', പൃഥ്വിരാജിന്റെ 'രണം'ത്തിലെ 'ആയുധമെടടാ', ഫഹദ് ചിത്രം 'അതിരനി'ലെ 'ഈ താഴ്വര' എന്നിവയിലൂടെയാണ് ഫെജോ സ്വീകാര്യത നേടുന്നത്. ഇപ്പോള്‍ റിലീസായിരിക്കുന്ന 'ബേബി കൂള്‍' എന്ന റാപ്പ് ഗാനത്തിന് ഇല്ലുസ്ട്രേഷന്‍ ചെയ്തിരിക്കുന്നത് ശബ്‌നം ഫാത്തിമയാണ്. ഗാനത്തിന് ആനിമേഷന്‍ ചെയ്തിരിക്കുന്നത് മുഹമ്മദ് ഷൈഫലുലാണ്.