കഴിഞ്ഞ 24 വര്‍ഷമായി രാവണപ്രഭുവിലൂടെ താന്‍ കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളി ജനതയുടേയും സ്‌നേഹം അനുഭവിച്ചറിയുകയാണെന്ന് നടി വസുന്ധരദാസ്. റീ- റിലീസിലൂടെ ആളുകള്‍ക്ക് തീയേറ്ററുകളില്‍ പോയി സിനിമ വീണ്ടും കാണാന്‍ അവസരം ലഭിക്കുന്നതില്‍ താന്‍ വളരേ സന്തോഷവതിയാണെന്നും നടി പറഞ്ഞു. 4K ദൃശ്യമികവിലെത്തിയ 'രാവണപ്രഭു'വിന്റെ റീ- റിലീസിന് മുന്നോടിയായി മാറ്റിനീ നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,

''രാവണപ്രഭു'വിന് മുമ്പ് 'സിറ്റിസണ്‍' എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ് സമയത്ത് ശരിക്കും മടുത്തിരുന്നു. അതിനുശേഷം മറ്റൊരു ചിത്രം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് ‘രാവണപ്രഭു’വിന്റെ കഥ പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്താന്‍ എത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു', രാവണപ്രഭു തന്നിലേക്കെതിയതിനേക്കുറിച്ച് വസുന്ധര പറഞ്ഞു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള വാണിജ്യ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയാണ് താന്‍ അന്വേഷിച്ചിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന്റെ വിവരണം തന്നെ ആകര്‍ഷിച്ചു. ഒരുപാട് പേര്‍ തന്നെവെച്ച് സിനിമ ചെയ്യരുതെന്ന് രഞ്ജിത്തിനോട് പറഞ്ഞിരുന്നതായി അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു. താന്‍ സ്വതന്ത്ര ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുകയുംചെയ്യുന്നതിനാല്‍, തന്നെ സിനിമയില്‍ എടുക്കരുതെന്ന് പലരും പറഞ്ഞു. പക്ഷേ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇങ്ങനെയെല്ലാം കേട്ടിട്ടും തന്നെ അഭിനയിപ്പിക്കാനെടുത്ത തീരുമാനത്തിന് അദ്ദേഹത്തോട് നന്ദി പറഞ്ഞുവെന്നും അവര്‍ ഓര്‍ത്തെടുത്തു.

'ആ ചിത്രം എത്രമാത്രം എന്റെ ജീവിതത്തെ സ്വാധീനിക്കുമെന്ന് 'രാവണപ്രഭു'വില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍നിന്ന്, ലഭിച്ച സ്‌നേഹവും അവിശ്വസനീയമായ അംഗീകാരവും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഞാന്‍ എവിടെ പോയാലും ആരെങ്കിലും എന്റെ അടുത്തേക്ക് വന്നിട്ട് 'നിങ്ങള്‍ വസുന്ധരാ ദാസ് അല്ലേ', എന്ന് ചോദിക്കും. ഞാന്‍ അതേ എന്ന് പറയുമ്പോള്‍, അവര്‍ ഞാന്‍ മലയാളിയാണ് എന്ന് പറയും. അതിന്റെ അര്‍ഥം എന്താണെന്ന് എനിക്ക് അറിയാം. പക്ഷേ, എന്റെ ചുറ്റുമുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല. ഞാന്‍ ചെയ്ത എന്തോ ഒന്ന് അവരുടെ ഹൃദയത്തില്‍ തൊട്ടതുകൊണ്ടാണ് എന്നെ നേരില്‍ കാണുമ്പോള്‍ അടുത്ത് വന്ന് ചോദിക്കാന്‍ തോന്നുന്നത്. ഈ ഭൂമിയുടെ ഏതെങ്കിലും കോണില്‍ ഞാന്‍ ഒറ്റയ്ക്കാണെന്നോ എനിക്ക് സഹായമില്ലെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഏതെങ്കിലും ഒരു മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാല്‍ മതി, ലോകത്തെവിടെയായാലും എനിക്ക് സഹായം കിട്ടുമെന്ന് ഉറപ്പാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുള്ള രസകരമായ അനുഭവവും അവര്‍ ഓര്‍ത്തെടുത്തു. ജഗദീഷിന്റെ കഥാപാത്രം തന്റെ ജാനകിയെ തട്ടിക്കൊണ്ടുപോകാന്‍ വരുന്ന സീനില്‍ താന്‍ ചിരിച്ചുപോയതുകൊണ്ട് ഒരുപാടുതവണ റീ- ടേക്ക് എടുക്കേണ്ടി വന്നുവെന്ന് വസുന്ധര പറഞ്ഞു. 'അത് വളരെ രസകരമായിരുന്നു, കാരണം എന്നെ തട്ടിക്കൊണ്ടുപോകുന്നയാള്‍ പറയുന്നു, 'ഞാന്‍ നിങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണ്' എന്ന്. അന്ന് എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല, കാരണം അതൊരു കോമഡി രീതിയിലായിരുന്നു ചിത്രീകരിച്ചത്. അദ്ദേഹം ആ വാക്ക് പറഞ്ഞപ്പോള്‍, ഓരോ തവണയും ആ ഡയലോഗ് പറയുമ്പോള്‍ ഞാന്‍ ചിരിച്ച് നിലത്ത് വീണുപോയി. അതുകൊണ്ട് ആ രംഗം പലതവണ റീടേക്ക് എടുക്കേണ്ടി വന്നു', അവര്‍ പറഞ്ഞു. ഇപ്പോഴും വിമാനത്താവളങ്ങളിലടക്കം ടാക്‌സി ഡ്രൈവര്‍മാര്‍ തന്നെ കാണുമ്പോള്‍ സവാരി ഗിരിഗിരി എന്ന് പറയാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.