ഉത്തരേന്ത്യ മുഴുവൻ ആഞ്ഞടിച്ച തരംഗമായിരുന്നു അല്ലു അർജുന്റെ 'പുഷ്പ 2' എന്നാൽ, കേരളത്തിൽ അതേ നടന്റെ 19 വർഷം പഴക്കമുള്ള ഡബ്ബിങ് ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയാണ് ഇപ്പോൾ. 'ഹാപ്പി' റീ- റിലീസ് ആഘോഷങ്ങൾ ഒരു കാര്യം അടിവരയിടുന്നു, അല്ലു അർജുൻ എന്ന താരത്തിന്റെ ജനപ്രീതി 'പുഷ്പ'യിലൂടെ പെട്ടെന്നുണ്ടായ ഒന്നല്ല. അത് പാൻ- ഇന്ത്യൻ എന്ന വാക്ക് സിനിമാലോകം ചർച്ച ചെയ്യുന്നതിനും എത്രയോ മുൻപേ, ഇവിടെ കേരളത്തിൽ തുടങ്ങിയതാണ്.

To advertise here,

പല സൂപ്പർതാരങ്ങളും ഒരു വമ്പൻ ബ്ലോക്ക്ബസ്റ്ററിലൂടെ പെട്ടെന്ന് ദേശീയ ശ്രദ്ധനേടുമ്പോൾ, അല്ലു അർജുൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ സംസ്ഥാനങ്ങളിലും കെട്ടിപ്പടുത്തത് തികച്ചും ആത്മാർഥമായ ഒരു ഫാൻ ബേസ് ആണ്. ഹിന്ദി ഹൃദയഭൂമി പുഷ്പ രാജിന്റെ മാസ് തരംഗത്തെ ആഘോഷിച്ചപ്പോൾ, മലയാളി പ്രേക്ഷകർ തങ്ങളുടെ കൗമാര- യൗവനങ്ങളെ ഓർമിപ്പിക്കുന്ന 19 വർഷം പഴക്കമുള്ള പ്രണയചിത്രത്തെയാണ് വരവേൽക്കുന്നത്.

തിയേറ്ററുകളെ ഇളക്കിമറിച്ച വൈകാരിക ബന്ധമാണിത്. ഒരു ഡബ്ബ് ചെയ്ത പഴയ ചിത്രം റീ- റിലീസ് ചെയ്യുമ്പോൾ ഇത്രയധികം ജനക്കൂട്ടവും ആഘോഷങ്ങളും ഉണ്ടാകുന്നത്, മലയാളി പ്രേക്ഷകർക്ക് അല്ലു അർജുനോടുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്. 'മല്ലു അർജുൻ' എന്ന പേര് ഏതെങ്കിലും പി.ആർ. ഏജൻസിയോ മാർക്കറ്റിങ് ടീമോ ഉണ്ടാക്കിയതല്ല. അത് ഇവിടുത്തെ സാധാരണക്കാരായ പ്രേക്ഷകർ സ്‌നേഹത്തോടെ ചാർത്തിക്കൊടുത്തതാണ്.

ഇന്ത്യൻ സിനിമയിൽ ഇത്രയും ഓർഗാനിക് ആയി രൂപപ്പെട്ട മറ്റൊരു ഫാൻ- ഐഡന്റിറ്റി കാണാൻ പ്രയാസമാണ്. ഒരു ഭാഗത്ത് പുത്തൻ റിലീസിനും, മറ്റൊരു ഭാഗത്ത് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഡബ്ബിങ് ചിത്രത്തിനും ഒരേ സമയം തിയേറ്ററുകളിൽ വൻ ഓപ്പണിങ് സെലിബ്രേഷൻസ് നേടിക്കൊടുക്കാൻ കെൽപ്പുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ. 'ആര്യ'യിലൂടെയും 'ഹാപ്പി' യിലൂടെയും കേരളം അദ്ദേഹത്തെ നെഞ്ചിലേറ്റിയപ്പോൾ ഭാഷയുടെയോ ഭൂമിശാസ്ത്രത്തിന്റെയോ അതിർവരമ്പുകൾ തടസ്സമായില്ല.

ഒരു പാൻ- ഇന്ത്യൻ താരം എന്നാൽ ഒരു സിനിമ എവിടെയെങ്കിലും ഒരു തവണ ഓടി വിജയിക്കുന്നതല്ല; മറിച്ച് തലമുറകളും ഭാഷകളും ഭേദിച്ച് എല്ലാ ഇടവും ഒരേപോലെ ആഘോഷിക്കപ്പെടുന്ന ആളാണ്. ആ നിർവചനത്തിന് ഏറ്റവും അനുയോജ്യനായ താരം അല്ലു അർജുൻ തന്നെയാണ്. ബോക്‌സ് ഓഫീസ് നമ്പറുകൾക്കപ്പുറമുള്ള സൂപ്പർസ്റ്റാർഡമാണിത്.

വെറുമൊരു ട്രെൻഡിന്റെ പുറത്തല്ല, മറിച്ച് ആ നടനോടുള്ള ഇഷ്ടം കൊണ്ട് മാത്രം ആളുകൾ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നു എന്നതാണ് 'ഹാപ്പി' റീ- റിലീസിന്റെ വിജയം കാണിക്കുന്നത്. കേരളത്തിലെ 'മല്ലു അർജുൻ' പ്രതിഭാസവും വടക്കേ ഇന്ത്യയിലെ 'പുഷ്പ' ക്രേസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്, അതുല്യമായ പ്രാദേശിക സ്വീകാര്യതയുടെ കഥ പറയുന്ന രണ്ട് വശങ്ങൾ.

വെറും ബോക്‌സ് ഓഫീസ് നമ്പറുകളിൽ അളക്കാൻ കഴിയുന്നതിനേക്കാൾ വലുതാണ് ഈ ആരാധക സ്‌നേഹം. ഒരേ സമയം ഒരു സംസ്ഥാനത്ത് നൊസ്റ്റാൾജിയയും മറ്റൊരു സംസ്ഥാനത്ത് മാസ് ഹിസ്റ്റീരിയയും സൃഷ്ടിക്കാൻ കഴിയുന്ന അല്ലു അർജുൻ തന്നെയാണ് ഇന്ത്യൻ സിനിമയിലെ യഥാർഥ പാൻ- ഇന്ത്യൻ ഐക്കൺ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.