
രാംചരണും ഉപാസനയും, ഉപാസന കമിനേനി | Photo: Facebook/ Upasana Konidela
വിവാഹത്തെക്കുറിച്ചും കരിയറില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനെക്കുറിച്ചും ഐഐടി വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സംരംഭകയും തെലുങ്ക് നടന്‍ രാംചരണിന്റെ ഭാര്യയുമായ ഉപാസന കമിനേനി. ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. രാംചരണുമായുള്ള വിവാഹം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനത്തോടും അവര്‍ പ്രതികരിച്ചു.
'27-ാം വയസ്സില്‍ പ്രണയത്തിനും കൂട്ടിനുംവേണ്ടിയാണ് ഞാന്‍ സ്വന്തമിഷ്ടപ്രകാരം വിവാഹംചെയ്തത്. 29-ാം വയസ്സില്‍ വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുകാര്യം വ്യക്തമാക്കട്ടെ- അത് അപ്പോളോയില്‍ ആയിരുന്നില്ല', ഉപാസന കുറിച്ചു.
'എന്റെ ആദ്യത്തെ കുഞ്ഞിന് ഞാന്‍ ജന്മം നല്‍കിയത് 36-ാം വയസ്സിലാണ്, ഇപ്പോള്‍ 39-ാം വയസ്സില്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നു. എന്റെ ജീവിതയാത്രയിലുടനീളം, കരിയര്‍ കെട്ടിപ്പടുക്കുന്നതിനും ദാമ്പത്യം പരിപോഷിപ്പിക്കുന്നതിനും ഞാന്‍ തുല്യപ്രാധാന്യം കൊടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ച്, ദാമ്പത്യവും കരിയറും പരസ്പരം കലഹിക്കുന്നവയല്ല, അവ സംതൃപ്തമായ ജീവിതത്തിന്റെ ഒരുപോലെ അര്‍ഥവത്തായ ഭാഗങ്ങളാണ്. പക്ഷേ, അതിന്റെ സമയക്രമം തീരുമാനിക്കുന്നത് ഞാനാണ്. അത് പ്രിവിലേജ് അല്ല, അവകാശമാണ്', അവര്‍ വ്യക്തമാക്കി.
'സാമൂഹികസമ്മര്‍ദ്ദത്തിന് വഴങ്ങാതെ ഒരു സ്ത്രീ, പ്രണയത്തിനുവേണ്ടി വിവാഹം കഴിക്കുന്നത് തെറ്റാണോ? അനുയോജ്യനായ പങ്കാളിയെ കണ്ടെത്തുന്നതുവരെ കാത്തിരിക്കുന്നത് തെറ്റാണോ? സ്വന്തം സാഹചര്യങ്ങള്‍ക്കനുസരിച്ച് എപ്പോള്‍ കുട്ടികള്‍ വേണമെന്ന് ഒരു സ്ത്രീ തീരുമാനിക്കുന്നത് തെറ്റാണോ? വിവാഹത്തെക്കുറിച്ചോ നേരത്തെ കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചോ മാത്രം ചിന്തിക്കാതെ, ഒരു സ്ത്രീ സ്വന്തം ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുകയും കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് തെറ്റാണോ?', ഉപാസന ചോദിച്ചു.
വിവാഹത്തിന് മുമ്പ് സാമ്പത്തിക സ്വാശ്രയത്വം നേടണമെന്നും എപ്പോള്‍ വിവാഹിതരാകണമെന്നും കുട്ടികള്‍ വേണമെന്നും സ്വയം തീരുമാനിക്കാന്‍ യുവതികള്‍ക്ക് കഴിയണമെന്നുമുള്ള ഉപാസനയുടെ വാക്കുകളാണ് വിവാദമായത്. അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ യുവതികളോട് ഉപാസന ആഹ്വാനംചെയ്തിരുന്നു. അപ്പോളോ ആശുപത്രിയുടെ ഭാഗമായ അപ്പോളോ ലൈഫ് വൈസ് ചെയര്‍പേഴ്‌സണായ ഉപാസന, അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ആഹ്വാനംചെയ്യുന്നത് ബിസിനസ് താത്പര്യമാണെന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. 27-ാം വയസ്സില്‍ രാംചരണുമായി വിവാഹിതയായ ഉപാസന, മറ്റ് പെണ്‍കുട്ടികളോട് വിവാഹം വൈകിപ്പിക്കാന്‍ ഉപദേശിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുണ്ടായി. തുടര്‍ന്നാണ് അവര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. 2023-ല്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താരദമ്പതികള്‍. അപ്പോളോ ആശുപത്രിയുടെ സ്ഥാപകനായ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. അപ്പോളോ ലൈഫ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുന്നു. ബി പോസിറ്റീവ് മാഗസിന്റെ എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Upasana Kamineni clarifies her views on marriage, career, and motherhood after controversy, emphasizing women`s rights to choose their life path
Published: 20 Nov 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented