കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനംചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഡൊറോത്തി. റിലീസിനുപിന്നാലെ ചിത്രത്തിനെതിരെ വലിയ സൈബറാക്രമണമാണ് നടന്നത്. സിനിമയിൽ എൽ.ജി.ബി.ടി.ക്യു പ്ലസ് ഉള്ളടക്കമുണ്ടെന്ന ഊഹാപോഹങ്ങളാണ് ഇതിന് കാരണം. എന്നാൽ ഇതിനെതിരെ ഒറ്റവരിയിൽ മറുപടി നൽകിയിരിക്കുകയാണ് കാർത്തിക് സുബ്ബരാജ്. വിമർശനങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോഴും സിനിമ കാണാൻ പ്രേക്ഷകർ എത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

To advertise here,

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് കാർത്തിക് സുബ്ബരാജ് വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്. ‘ഡൊറോത്തി’ പ്രദർശിപ്പിക്കുന്ന ഒരു തിയേറ്ററിൽ നിന്നുള്ള ദൃശ്യമാണ് കാർത്തിക് സുബ്ബരാജ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ പൂർത്തിയായി സ്ക്രീനിൽ ‘ഒരു കാർത്തിക് സുബ്ബരാജ് പടം’ എന്ന് എഴുതിക്കാണിക്കുമ്പോൾ പ്രേക്ഷകർ ആർപ്പുവിളിക്കുന്നതായാണ് വീഡിയോയിലുള്ളത്. പ്രേക്ഷകരുടെ ആവേശത്തോടെയുള്ള പ്രതികരണം ബാൽക്കണിയിൽ നിന്ന് നോക്കിനിൽക്കുകയാണ് സംവിധായകൻ. ബാൽക്കണിയിൽ കാർത്തിക് നിൽക്കുന്നത് പ്രേക്ഷകർ കാണുന്നതും കയ്യടിയോടെ അവരുടെ സ്നേഹം അറിയിക്കുന്നതും വിഡിയോയിൽ കാണാം. ശാന്തമായിരിക്കൂ, പ്രേക്ഷകരിൽ വിശ്വസിക്കൂ എന്നാണ് വീഡിയോക്കൊപ്പം കാർത്തിക് സുബ്ബരാജ് എഴുതിയത്.

നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. സിനിമ കണ്ടശേഷം നടന്മാരായ സനന്തിനോടും റിഷികാന്തിനോടുമുള്ള ബഹുമാനം വർധിച്ചെന്നാണ് ഒരു കമന്റ്. നട്ടെല്ലുള്ള സംവിധായകൻ, ഒരു കാർത്തിക് സുബ്ബരാജ് മാസ്റ്റർപീസ്, അവർ നിങ്ങളെ ആദ്യം പരിഹസിക്കും പിന്നെ ആരാധിക്കും, ഗംഭീര എഴുത്തും അതിഗംഭീര പ്രകടനങ്ങളും എന്നെല്ലാമാണ് ശ്രദ്ധേയമായ മറ്റുചില പ്രതികരണങ്ങൾ.

Also Read: ബഹിഷ്കരണ ഭീതിയിൽ കാർത്തിക് സുബ്ബരാജിന്റെ ‘ഡൊറോത്തി’; വെള്ളിത്തിരയിൽ നിശബ്ദ വിപ്ലവമായ ചിത്രങ്ങൾ

കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രമാണ് ഡൊറോത്തി. 1990കളിലെ തമിഴ്നാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കിയ ‘റെട്രോ’ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.