നിക്ക്ലോഡിയൻ ചാനലിലെ പ്രശസ്തമായ പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ ടൈലർ ചേസിനെ തെരുവിൽ ഭിക്ഷയെടുത്ത് അലയുന്നനിലയിൽ കണ്ടെത്തി. 'നെഡ്‌സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡ്' എന്ന പരിപാടിയിൽ മാർട്ടിൻ ക്വെർലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ മുൻ ബാലതാരം വളരെ മോശം അവസ്ഥയിൽ കാണപ്പെടുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 2007-ൽ അഭിനയരംഗത്ത് നിന്ന് പിന്മാറിയ ടൈലർ, വർഷങ്ങൾക്ക് ശേഷം ദയനീയാവസ്ഥയിൽ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

To advertise here,

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും സംസാരിക്കാൻ പ്രയാസപ്പെടുന്ന നിലയിലുമാണ് 36-കാരനായ ചേസിനെ കാണപ്പെടുന്നത്. അയഞ്ഞ പാന്റ് അഴിഞ്ഞുപോകാതിരിക്കാൻ കൈകൊണ്ട് പിടിച്ചിരിക്കുന്നതായും കാണാം. ഒരു കാലത്ത് ക്യാമറകൾക്കും വലിയ പ്രൊഡക്ഷൻ ടീമുകൾക്കും നടുവിൽ നിന്നിരുന്ന ഈ താരം ഇന്ന് കാലിഫോർണിയയിലെ തെരുവുകളിൽ വഴിപോക്കരോട് സഹായം അഭ്യർത്ഥിക്കുകയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഒരാൾക്ക് എങ്ങനെ ഇത്തരം ഒരു ദുരവസ്ഥ സംഭവിച്ചു എന്ന ചോദ്യമാണ് ഈ ദൃശ്യങ്ങൾ കണ്ട് മനസ്സ് തകർന്ന ആരാധകർ ഉയർത്തുന്നത്.

1989-ൽ അരിസോണയിൽ ജനിച്ച ടൈലർ ചേസ് വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തെത്തിയ വ്യക്തിയാണ്. 2004 മുതൽ 2007 വരെ സംപ്രേഷണം ചെയ്ത 'നെഡ്‌സ് ഡിക്ലാസിഫൈഡ്' എന്ന പരമ്പരയിലെ മാർട്ടിൻ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് വലിയ ബ്രേക്ക് നൽകിയത്. പ്രോസ്‌കൗട്ട് എന്ന ടാലന്റ് കണ്ടെത്തൽ പ്ലാറ്റ്‌ഫോം വഴിയാണ് അദ്ദേഹത്തിന് ടെലിവിഷനിൽ അവസരം ലഭിച്ചതെന്ന് പറയപ്പെടുന്നു.

നെഡ്‌സ് ഡീക്ലാസിഫൈഡ്' എന്ന പരമ്പരയിൽ അഭിനയിക്കുന്ന കാലയളവിൽ, ചേസ് 'എവരിബഡി ഹേറ്റ്സ് ക്രിസ്' എന്ന ഹിറ്റ് കോമഡി പരമ്പരയിലും പ്രത്യക്ഷപ്പെട്ടു. 2007-ൽ ജെയിംസ് ഫ്രാങ്കോയുടെ 'ഗുഡ് ടൈം മാക്സ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലും അരങ്ങേറ്റം കുറിച്ചു, അതിൽ ആദം എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ടൈലർ ആയിരുന്നു. അവസാനം പ്രവർത്തിച്ചത് 'LA നോയർ' (LA Noire) എന്ന വീഡിയോ ഗെയിമിലായിരുന്നു.

കൗമാരപ്രായത്തിൽ കുട്ടികൾക്ക് ജീവിതവിജയത്തിനുള്ള പാഠങ്ങൾ തന്റെ ഷോയിലൂടെ നൽകിയിരുന്ന ഒരു താരം ഇന്ന് സ്വന്തം ജീവിതത്തിൽ വഴിമുട്ടി നിൽക്കുന്നത് കാണുന്നത് ഏറെ വേദനാജനകമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നു. ചലച്ചിത്ര ലോകത്ത് നിന്നും വിട്ടുനിന്നതിന് ശേഷം ടൈലർ പൊതുരംഗത്ത് നിന്നും പൂർണ്ണമായും അപ്രത്യക്ഷനായിരുന്നു.

ടൈലറിന്റെ അവസ്ഥയറിഞ്ഞ് സഹായവുമായി മുൻ സഹപ്രവർത്തകർ ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 'നെഡ്‌സ് ഡിക്ലാസിഫൈഡ്' എന്ന ഷോയിൽ അഭിനയിച്ചിരുന്ന ഡെവൺ വെർക്കൈസർ, ഡാനിയൽ കർട്ടിസ് ലീ, ലിൻഡ്സെ ഷാ എന്നിവർ തങ്ങളുടെ പോഡ്‌കാസ്റ്റിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തങ്ങളുടെ പഴയ സുഹൃത്തിനെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.