തിയേറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ് സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ചില ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നായികയായെത്തിയ തൃഷ. ചിത്രങ്ങളേക്കാൾ ഇതിനൊപ്പം തൃഷ കുറിച്ച വരികളാണ് ഏറെ ശ്രദ്ധേയം. ഈ വരികൾക്ക് ഒരു വിജയ് ബന്ധമുണ്ടെന്ന് പറയുകയാണ് ആരാധകർ.

To advertise here,

‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം’, എന്നാണ് കറുപ്പിന്റെ അണിയറ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ തൃഷ നൽകിയ കുറിപ്പ്. ഇതിൽ സൂചിപ്പിക്കുന്ന ആദ്യത്തെ വിജയം വിജയ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും തുടർന്ന് മുഖ്യമന്ത്രിയായതുമാണെന്നാണ് ആരാധകരുടെ അവകാശവാദം. നടിമാരായ അമലാ പോൾ, ചാർമി കൗർ എന്നിവരുൾപ്പെടെ നിരവധിപേർ തൃഷയുടെ പോസ്റ്റിന് പ്രതികരണവുമായെത്തി.

ഇത് ആദ്യമായല്ല തൃഷ ഇത്തരത്തിൽ വിജയ്യെ പരോക്ഷമായി പരാമർശിച്ചുള്ള അടിക്കുറിപ്പുകൾ ഉള്ള ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. തമിഴ്നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വിസിൽ ശബ്ദമാണ് തൃഷ പോസ്റ്റ് ചെയ്തത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജഞ ചെയ്യുന്ന ചടങ്ങിലും തൃഷയായിരുന്നു മുഖ്യ ആകർഷണം.

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജിന്റെ ലിയോയിലൂടെയായിരുന്നു ഹിറ്റ് ജോഡികളായ തൃഷയും വിജയ്യും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്. വിജയ് രാഷ്ട്രീയത്തിൽ സജീവമായതിനുശേഷമാണ് അദ്ദേഹവുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതായി ഭാര്യ സംഗീത അറിയിച്ചത്. പിന്നീട് പൊതുവേദികളിൽ തൃഷയും വിജയ്യും എത്തിയതും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി.