പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനും സുഹൃത്തുമായ രമേഷ് പിഷാരടിയെക്കുറിച്ച് സംസാരിക്കവെ രസകരമായ ഓർമ പങ്കുവെച്ച് നടൻ ടിനി ടോം. പാലക്കാട്ട് വിജയിച്ചാൽ രമേഷ് പിഷാരടിക്ക് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാൻ പ്രതിഫലം വാങ്ങിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം, എംപിയായിരുന്നപ്പോൾ ഇന്നസെന്റ് പങ്കുവെച്ച അനുഭവം പറഞ്ഞത്. 'മാതൃഭൂമി ഇലക്ഷൻ ബസി'ലായിരുന്നു ടിനി ടോം മനസുതുറന്നത്.

To advertise here,

'രമേഷ് പിഷാരടി ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിച്ചുകൊണ്ടിരുന്നതാണ്. ഇനി ഉദ്ഘാടനത്തിന് പോകുമ്പോൾ കാശ് മേടിക്കാൻ പറ്റില്ല. ഇന്നസെന്റ് ചേട്ടൻ എന്നോട് പറഞ്ഞിരുന്നു, 'പണ്ട് അമ്പതിനായിരവും ഒരുലക്ഷവുമെല്ലാം വാങ്ങിയിരുന്നതാണ്. ഇപ്പോൾ ഇലക്ട്രിക് ശ്മശാനമൊക്കെ ഉദ്ഘാടനംചെയ്യാനാണ് വിളിക്കുന്നത് എന്ന്. അവിടെചെന്ന് ഞാൻ എന്ത് പറയും. ഒരുപാട് പേര് മരിക്കട്ടേയെന്നോ?. പത്തുപൈസ കിട്ടുകയുമില്ല, പ്രാക്കുംകിട്ടും' എന്ന്', ടിനി ടോം പറഞ്ഞു.

'പിഷാരടി പെട്ടുവെന്ന് തോന്നുന്നു. ജയിച്ചുകഴിഞ്ഞാൽ എന്റെ ഭാഗ്യം. സുഹൃത്ത് എംഎൽഎയായി വരുന്നത് സന്തോഷമാണ്. നല്ല മനസിനുടമയാണ്. ക്ഷമ അങ്ങേയറ്റമാണ്. ദേഷ്യം വരാൻ മരുന്ന് കഴിക്കേണ്ടിവരും. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ഇമോഷണലാണ്. അതുകൊണ്ട് രാഷ്ട്രീയത്തിന് പറ്റിയ സ്വഭാവമല്ല. അവന് ഒരിക്കലും ദേഷ്യംവരില്ല. വന്ന് തല്ലിയാലും ദേഷ്യം വരില്ലെന്ന് അവൻ പറയും. രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ', അദ്ദേഹം കൂട്ടിച്ചേർത്തു.

'എനിക്ക് വോട്ടുണ്ട്. നാട്ടിലുണ്ടെങ്കിൽ വോട്ടുചെയ്യാറുണ്ട്. ഒരുതവണയും ഒഴിവാക്കിയിട്ടില്ല. ആലുവയാണ് മണ്ഡലം. ഇവിടെ ഞാൻ ധർമസങ്കടത്തിലാണ്. അൻവർ സാദത്ത് പഠിക്കുന്ന കാലം മുതലുള്ള സുഹൃത്താണ്. എ.എം. ആരിഫ് എംപിയായിരുന്നപ്പോൾ മണ്ഡലത്തിലെ പരിപാടികളിൽ ഞാൻ സ്ഥിരം അതിഥിയായിരുന്നു. ഞാൻ മിക്കവാറും ഇവിടെനിന്ന് മുങ്ങും. എനിക്കൊരു രാഷ്ട്രീയമുണ്ട്. ഒരു പ്രസ്ഥാനത്തിൽ മാത്രം വിശ്വസിക്കുമ്പോൾ മറ്റുള്ളവർ ചെയ്യുന്ന നന്മകളെ നമുക്ക് പറയാൻ പറ്റില്ല. പി. രാജീവിന് നന്ദി പറഞ്ഞാൽ കമ്മിയാവും. ആൻവർ സാദത്തിനൊപ്പം പോയാൽ കൊങ്ങിയാവും. സുരേഷേട്ടന്റെ കൂടെ ഫോട്ടോയെടുത്താൽ സംഘിയാവും. ഒരു പ്രസ്ഥാനത്തിൽ മാത്രം വിശ്വസിക്കുന്നത് അന്ധവിശ്വാസമായി കാണുന്ന ആളാണ് ഞാൻ. മത്സരിക്കാനുള്ള ഓഫർ വന്നാൽ സ്വീകരിക്കില്ല. പഞ്ചായത്തംഗത്തിന്റെ ബുദ്ധിമുട്ട് എനിക്ക് അറിയാം', ടിനി ടോം പറഞ്ഞു.