കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്ത രീതിയിൽ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നടൻ നസറുദ്ദീൻ ഷാ. 2020 മാർച്ചിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സർക്കാർ നിസ്സംഗ മനോഭാവമാണ് പ്രകടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

To advertise here,

മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും നേരിട്ട അനുഭവങ്ങൾ രേഖപ്പെടുത്തുന്ന 'ട്രസ്റ്റ് ഇൻ എ ടൈം ഓഫ് ക്രൈസിസ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയ ആരോഗ്യപ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് എഴുതിയ ആമുഖത്തിലെ ഭാഗങ്ങൾ വായിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 'എന്നിൽ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ട, ഞാൻ എന്റെ താടിയും മുടിയും വളർത്താൻ പോവുകയാണ്' എന്ന മനോഭാവത്തോടെയായിരുന്നു ആ പ്രഖ്യാപനം, അദ്ദേഹം പരിഹസിച്ചു.

അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകരെ 'രക്തസാക്ഷികൾ' എന്ന് താൻ വിശേഷിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഭാവനയാണ് ഒരു നടന്റെ ഏറ്റവും വലിയ ആയുധം. പല സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുള്ള ആളാണെങ്കിലും, പി.പി.ഇ. കിറ്റുകൾ ധരിച്ച് നിങ്ങളിൽ പലരും എന്തൊക്കെയാണ് അനുഭവിച്ചതെന്ന് ചിന്തിക്കുമ്പോൾ എന്റെ ഭാവന പോലും പരാജയപ്പെടുന്നു,' താരം പറഞ്ഞു.