അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് സിനിമാ ചിത്രീകരണത്തിനിടെ സംവിധായകനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. 2011-ൽ മധ്യപ്രദേശിലെ പച്ച്മഡിയിൽ നടന്ന ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. അന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇടപെട്ട് തനിക്ക് സംരക്ഷണം നൽകിയതായും താരം വെളിപ്പെടുത്തി.

To advertise here,

'ദി ഫ്രീ പ്രസ് ജേണലിന്' നൽകിയ അഭിമുഖത്തിലാണ് സ്വര ഭാസ്‌കർ അനുഭവം പങ്കുവെച്ചത്. 'തനു വെഡ്‌സ് മനു'വിനുശേഷം അഭിനയിച്ച ചിത്രമായിരുന്നു. അന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്ന തനിക്ക് സിനിമാ മേഖലയിൽ സ്വന്തമായി ഒരു ടീമോ സഹായം തേടാൻ ആളുകളോ ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു.

ശാരീരിക സ്പർശനം ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ പെരുമാറ്റം തൊഴിലിടത്തിലെ ലൈംഗികാതിക്രമമാണെന്ന് അന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് നടി പറയുന്നു. വർഷങ്ങൾക്കുശേഷം 'മീ ടൂ' കാംപെയ്ൻ ശക്തമായപ്പോൾ മറ്റ് സ്ത്രീകളുടെ അനുഭവങ്ങൾ വായിച്ചതിലൂടെ താൻ നേരിട്ടതും ലൈംഗികാതിക്രമമാണെന്ന് മനസ്സിലായതെന്നും അവർ കൂട്ടിച്ചേർത്തു.

56 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളുണ്ടായിരുന്ന ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ദുരനുഭവം തുടങ്ങിയിരുന്നു. എന്നാൽ കരിയറിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായതിനാൽ സിനിമ ഉപേക്ഷിച്ചു പോകാൻ കഴിയുമായിരുന്നില്ലെന്നും നടി പറഞ്ഞു.

ഒടുവിൽ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. അദ്ദേഹം തനിക്കൊപ്പം നിന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരണം സുഗമമായി നടന്നുവെന്നും നടി ഓർത്തെടുത്തു.

'അദ്ദേഹം എന്റെ സുഹൃത്തായി മാറി. എന്നെ സംരക്ഷിച്ചു. അന്ന് കൂടെ നിന്ന അദ്ദേഹം ഇന്ന് എന്റെ മാനേജരാണ്,' സ്വര കൂട്ടിച്ചേർത്തു.