അന്യഭാഷാ പതിപ്പുകളുടെ റിലീസിന് പിന്നാലെ, നിവിൻ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പം സിനിമ കണ്ട തനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ലെന്ന് നടി വ്യക്തമാക്കി. മികച്ചൊരു സിനിമാ അനുഭവമായിരുന്നു 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നും അവർ പറഞ്ഞു.

To advertise here,

'കുടുംബത്തോടൊപ്പമാണ് ബെത്‌ലഹേം കണ്ടത്. സിനിമ കണ്ടിട്ട് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഞാൻ നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും വലിയ ഫാൻ ആണ്. ഗിരീഷ് സാറിന്റെ ഡയറക്ഷന്റെ ആരാധികയാണ്. സംഗീതം ഗംഭീരമായിരുന്നു. നിവിൻ സാറിന്റെ ഫാൻ ആണ് ഞാൻ. ഒട്ടേറെ സിനിമകൾ കണ്ടിട്ടുണ്ട്. പ്രസന്നതയുള്ള പ്രകടനമാണ് മമിതയുടേത്', രുക്മിണി വസന്ത് പറഞ്ഞു.

ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ അറിയില്ല. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും രുക്മിണി വസന്ത് കൂട്ടിച്ചേർത്തു. പ്രേക്ഷകർക്ക് ഇത്രയും മനോഹരമായ ഒരു ചിത്രം സമ്മാനിച്ചതിന് നടി അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. തമിഴ്- തെലുങ്ക് ഭാഷകളിൽ ചിത്രം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഓണത്തിന് തിയേറ്ററിലെത്തിയ ചിത്രം പുതിയ കളക്ഷൻ റെക്കോർഡുകൾ കുറിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്.