സിനിമാ നിർമാണം. ആരും ഭയക്കുന്ന വില്ലൻ കഥാപാത്രങ്ങൾ. ആരേയും അതിശയിപ്പിക്കുന്ന സ്വഭാവനടൻ. അഭിനയത്തിന് പുരസ്കാരങ്ങൾ. രവീന്ദ്രനാഥ് എന്ന ടി.ജി. രവിക്കിപ്പോൾ പ്രായം 81.

ടി.ജി. രവി | ഫോട്ടോ: അരുൺ നിലമ്പൂർ \ മാതൃഭൂമി
തൃശ്ശൂർ ജില്ലയിലെ കാർഷികഗ്രാമമായ മൂർക്കനിക്കരയിലെ സർക്കാർ എൽപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന ടി.ജി. രവീന്ദ്രനാഥിനോട് ക്ലാസ് ടീച്ചർ ചോദിച്ചു: ആരാകാനാണ് ആഗ്രഹം. കടക്കാരൻ എന്ന് ഉത്തരം. അന്ന് മൂർക്കനിക്കരയിൽ ചെറിയ കടകളായിരുന്നു ഉണ്ടായിരുന്നത്. ബിസിനസുകാരൻ ആകാനായിരുന്നു രവീന്ദ്രനാഥിന്റെ ആഗ്രഹം. 1950-ലാണിത്. അപ്പോൾ സ്കൂളിൽ നടത്തുന്ന വാർഷികാഘോഷത്തിൽ കുട്ടികൾ അഭിനയിക്കുന്ന നാടകത്തിൽ ഒരു ബിസിനസുകാരന്റെ റോളുണ്ട്. രവീന്ദ്രനാഥിനെ ടീച്ചർ നാടകത്തിൽ അംഗമാക്കി. കുഞ്ഞൻ രവിയുടെ ആദ്യസ്റ്റേജ്.
കാലം കടന്നുപോയി. രവീന്ദ്രനാഥ് തൃശ്ശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽനിന്ന് നല്ലമാർക്കോടെ മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം പാസായി. യാത്രയയപ്പ് സമ്മേളനത്തിൽ പ്രിൻസിപ്പൽ ചോദിച്ചു: രവീന്ദ്രനാഥിന് ഇനി എന്താണ് പ്ലാൻ. നാട്ടിൽ ബിസിനസ് എന്നു മറുപടി. ഉയർന്ന ശമ്പളം കിട്ടുന്ന ജോലി തേടാതെ അപാര റിസ്കുള്ള ബിസിനസിലേക്ക് ഇറങ്ങുന്നതിനെപ്പറ്റി ഒന്നുകൂടി ചിന്തിക്കണമെന്ന് പലരും ഉപദേശിച്ചു.
പക്ഷേ, രവീന്ദ്രനാഥ് പിന്നീട് കടന്നുവളർന്നെത്തിയത് അദ്ദേഹംപോലും ചിന്തിക്കാതിരുന്ന സിനിമ എന്ന മേഖലയിലേക്ക്. ചെറിയ റോളുകൾ. സിനിമാ നിർമാണം. ആരും ഭയക്കുന്ന വില്ലൻ കഥാപാത്രങ്ങൾ. ആരേയും അതിശയിപ്പിക്കുന്ന സ്വഭാവനടൻ. അഭിനയത്തിന് പുരസ്കാരങ്ങൾ. രവീന്ദ്രനാഥ് എന്ന ടി.ജി. രവിക്കിപ്പോൾ പ്രായം 81. അഭിനയജീവിതത്തിന് പ്രായം 50. 1975-ൽ മൂന്നു സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അരവിന്ദന്റെ ഉത്തരായനത്തിൽ ചെറിയ റോളിലായിരുന്നു തുടക്കം. സ്റ്റേജിലെ നാടകാഭിനയത്തിനു പിന്നാെല ആകാശവാണിയിലെ കാഷ്വൽ ആർട്ടിസ്റ്റായതോടെ തിക്കോടിയനുമായുണ്ടായ സൗഹൃദമാണ് സിനിമയിലേക്കെത്തിച്ചത്.
ചെറിയറോളുകൾ പോരാ നായകനായാലാണ് ശ്രദ്ധിക്കപ്പെടുകയെന്ന് മനസ്സിലാക്കി സിനിമ നിർമിച്ചു, പാദസരം എന്ന സിനിമ. നായകനായി. പക്ഷേ, സിനിമ സാമ്പത്തികമായി പരാജയമായി. രണ്ടാമത്തെ സിനിമ ചോര ചുവന്ന ചോര സാമാന്യ വിജയംനേടി. പി.ജി. വിശ്വംഭരനെ സംവിധാനമേൽപ്പിച്ച് ജയൻ നായകനായി നിർമിച്ച ചാകര വൻവിജയമായി. വില്ലൻവേഷമായിരുന്നു ടി.ജി. രവിക്ക്. നിർമാതാവ് വില്ലൻ റോൾ ചോദിച്ചുവാങ്ങിയത് വഴിത്തിരിവായി. റോൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലെ വില്ലൻവേഷങ്ങൾ വേണ്ടതിലേറെയെത്തി.
ഐ.വി. ശശി സംവിധാനംചെയ്ത 1921-ലെ വാരിയൻ കുന്നത്ത് മുഹമ്മദ് ഹാജിയുടെ റോളാണ് വില്ലനിൽനിന്ന് സ്വഭാവനടനിലേക്കുള്ള പരിണാമത്തിന് നാന്ദിയായത്.
50 വർഷത്തിൽ 300-ലേറെ സിനിമകൾ. ഓരോ സിനിമയിലും വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ. 2007-ൽ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (പ്രത്യേക ജൂറി പുരസ്കാരം) നേടി. 2006-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും കിട്ടി. നസീർമുതൽ ടൊവിനോവരെയുള്ളവരോടൊത്ത് അഭിനയിച്ചു. ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പി സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയിലെ വൈവിധ്യം ജീവിതത്തിലും പുലർത്തി. ആഗ്രഹംപോലെ ജന്മനാട്ടിൽ വലിയൊരു വ്യവസായം തുടങ്ങി. റബ്ബർ ഉത്‌പന്നഫാക്ടറി കുറെയേറെ നാട്ടുകാർക്ക് തൊഴിൽകൊടുത്തു.
17-ാം വയസ്സിൽ തുടങ്ങിയ പ്രണയം വിവാഹജീവിതത്തിലെത്തി. കൊച്ചിൻ ദേവസ്വം പ്രസിഡന്റായി. കുറച്ചുനാൾ സിനിമയിൽനിന്നു മാറിനിന്നു. സിനിമാ അവധികളിൽ കൃഷിയിടത്തിലേക്കിറങ്ങി. നാടുവിട്ടൊരു കളിയുമില്ലെന്ന നടനെ നാട്ടുകാർ രവിയേട്ടനെന്ന് സ്നേഹത്തോടെ വിളിച്ചു.
Content Highlights: T.G. Ravi: 50 Years of Acting Career and Love for His Homeland
Published: 26 Oct 2025, 09:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented