
തിരുവനന്തപുരം: ക്ഷേത്രങ്ങളും പരിസരങ്ങളും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടിക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെ വീണ്ടും ക്ഷേത്രോത്സവത്തിൽ പ്രചാരണഗാനം. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തെ പ്ലാമൂട്ടുക്കട ശ്രീ കൊച്ചുഭഗവതി ക്ഷേത്രത്തിലെ പരിപാടിയിലാണ് എൽഡിഎഫിന്റെ പ്രചാരണഗാനം പാടിയത്. ഗായിക അഞ്ജു ജോസഫിന്റെ ഗാനമേളയ്ക്കിടെ ആവശ്യപ്പെട്ടതുപ്രകാരമാണ് പാട്ടുപാടിയത്.
സംഗീതപരിപാടിക്കിടെ കാണികൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്ന പതിവ് അഞ്ജു ജോസഫിനുണ്ട്. ബുധനാഴ്ച നടന്ന പരിപാടിക്കിടെ ആരാധകർ ആവശ്യപ്പെട്ട ഗാനങ്ങൾ അഞ്ജു പാടി. ഇതിനിടെയാണ് 'പാർട്ടിക്കാർക്കുവേണ്ടി' ഒരു പാട്ട് എന്ന ആവശ്യമുയർന്നത്. തനിക്ക് വ്യക്തിപരമായി രാഷ്ട്രീയമില്ലെന്ന മുഖവുരയോടെയാണ് അഞ്ജു ജോസഫ് പാട്ടുപാടിയത്. പാർട്ടിയിൽ ഉള്ളവർക്കുവേണ്ടി പാട്ടുപാടണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ പാടുന്നതെന്ന് പറഞ്ഞശേഷം, സിപിഎമ്മുകാർക്കുവേണ്ടി എന്ന് എടുത്തുപറഞ്ഞാണ് അഞ്ജു പാട്ടുപാടിയത്. തുടർന്ന് സിത്താര കൃഷ്ണകുമാർ ആലപിച്ച 'അന്തിവിണ്ണിൽ അമ്പിളിക്കല' എന്ന ഗാനം പാടുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന്റെ പ്രചാരണഗാനമായി ഉപയോഗിച്ച പാട്ടാണിത്.
നേരത്തേ, കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ സംഗീതപരിപാടിക്കിടെ ഗസൽ ഗായകൻ 'പുഷ്പനെ അറിയാമോ' എന്ന പാട്ടുപാടിയത് വിവാദമായിരുന്നു. ആറ്റിങ്ങൽ ക്ഷേത്രത്തിൽ കെപിഎസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും ഉണ്ടായിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനിടെ എസ്എഫ്ഐ സിന്ദാബാദ് എന്ന് വിളിച്ചതും കോടതി കയറിയിരുന്നു.
പിന്നാലെയാണ് ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
Content Highlights: Controversy erupts as LDF campaign song performed at temple festival in Thiruvananthapuram, despite High Court directives
Published: 13 Feb 2026, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented