മുംബൈ: മുംബൈയിൽ ഭുലേശ്വർരാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് ചടങ്ങിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ കുട്ടികളുൾപ്പെടെ  അഞ്ച് പേർക്ക് പരിക്കേറ്റു.

To advertise here,

ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുള്ളയിൽനിന്ന് ഭുലേശ്വറിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന വിഗ്രഹം, പന്തലിലേക്ക് എത്തുന്നതിന് 50 മീറ്റർ മുൻപാണ് റോഡിലേക്ക് പതിച്ചത്. വിഗ്രഹം ഉറപ്പിച്ചിരുന്ന ചട്ടത്തിലെ നട്ടുകളും ബോൾട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്നയുടൻ മുംബൈ അഗ്നിരക്ഷാസേന, മുംബൈ പോലീസ്, ട്രാഫിക് പോലീസ്, 108 ആംബുലൻസ് വിഭാഗം, സിവിക് വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ചുപേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.