ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ 'ഗുലാൽ' എന്ന ചിത്രത്തിലെ വേഷം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടിയും മോഡലുമായ തേജസ്വിനി കോൽഹാപുരെ. കഥാപാത്രത്തിന് പ്രാധാന്യമില്ലാതിരുന്നതും ചിത്രത്തിൽ നഗ്നയായി അഭിനയിക്കണമെന്ന നിബന്ധനയുമാണ് ഓഫർ വേണ്ടെന്നുവെക്കാൻ കാരണമെന്ന് തേജസ്വിനി പറഞ്ഞു. 2009-ലാണ് 'ഗുലാൽ' പുറത്തിറങ്ങിയത്.

To advertise here,

'അനുരാഗ് എനിക്ക് ചിത്രത്തിന്റെ തിരക്കഥ തന്നു. വായിക്കാൻ പറഞ്ഞു. ചിത്രത്തിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിനിമയിൽ സ്ത്രീ കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ഞാൻ പറഞ്ഞു. നഗ്നയായി അഭിനയിക്കേണ്ടി വരുമെന്ന് അനുരാഗ് വ്യക്തമാക്കി. 'നിങ്ങൾക്ക് ഭ്രാന്താണോ, ഹിന്ദി സിനിമയിൽ ഞാൻ എങ്ങനെയാണ് നഗ്നയായി അഭിനയിക്കുക? അങ്ങനെ ചെയ്താൽ എന്നെ അവർ പുറത്താക്കും' എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു,' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തേജസ്വിനി ഓർത്തെടുത്തു.

കഥാപാത്രം അത്തരത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നായിരുന്നു അനുരാഗിന്റെ മറുപടി. തുടർന്ന് മറ്റൊരു വേഷത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചെങ്കിലും അതിലും കാര്യമായി ഒന്നുമില്ലായിരുന്നുവെന്ന് തേജസ്വിനി പറഞ്ഞു.

'എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ എന്റെ സഹപ്രവർത്തകയായ മോഡൽ ജെസ്സി രൺധാവയാണ് ആ വേഷം ചെയ്തത്. 'ഗുലാൽ' എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള വേഷമായിരുന്നു അത്. ആ വേഷം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിബന്ധനകൾ തടസ്സമായി. എന്നാൽ ജെസ്സി അഭിനയിച്ചപ്പോൾ ബോഡിസ്യൂട്ട് ധരിച്ചാണ് ആ രംഗം ചെയ്തത്. അങ്ങനെ ചെയ്യാമായിരുന്നുവെങ്കിൽ എന്തുകൊണ്ട് എന്നെ പരിഗണിച്ചില്ല എന്ന് പിന്നീട് ഞാൻ അനുരാഗിനോട് ചോദിച്ചു. നിരസിച്ചതിന്റെ ദേഷ്യത്തിലാകാം അദ്ദേഹം എന്നെ ഒഴിവാക്കിയത്,' തേജസ്വിനി കൂട്ടിച്ചേർത്തു.

2003-ൽ അനുരാഗ് കശ്യപിന്റെ 'പാഞ്ച്' എന്ന ചിത്രത്തിലൂടെയായിരുന്നു തേജസ്വിനി സിനിമയിൽ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തില്ല. പിന്നീട് 2013-ൽ പുറത്തിറങ്ങിയ 'അഗ്ലി' എന്ന സൈക്കോളജിക്കൽ ത്രില്ലറിലാണ് ഇരുവരും ഒന്നിച്ചത്.

'അഗ്ലി' എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും തേജസ്വിനി സംസാരിച്ചു. 'ഗുലാലിന് ശേഷമുള്ള തർക്കങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ധാരണയായി. അഗ്ലിയിലെ മദ്യപാനിയായ വിവാഹിതയുടെ വേഷത്തിന് ഞാൻ അനുയോജ്യയാണെന്ന് അദ്ദേഹം പറഞ്ഞു,' തേജസ്വിനി വെളിപ്പെടുത്തി.

കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. എന്നാൽ പുകയില ഉപയോഗത്തിനെതിരായ മുന്നറിയിപ്പ് പരസ്യം കാണിക്കുന്നതുമായി ബന്ധപ്പെട്ട് അനുരാഗ് കശ്യപിനുണ്ടായിരുന്ന വിയോജിപ്പ് കാരണം ഇന്ത്യയിലെ റിലീസ് വൈകി. പിന്നീട് റിലീസ് ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു.

മുതിർന്ന നടി പദ്മിനി കോൽഹാപുരെയുടെ സഹോദരിയും നടി ശ്രദ്ധ കപൂറിന്റെ അമ്മയുടെ സഹോദരിയുമാണ് തേജസ്വിനി കോൽഹാപുരെ. ടെലിവിഷൻ പരമ്പരയിലൂടെ കരിയർ ആരംഭിച്ച തേജസ്വിനി, 'രാവൺ', 'അഗ്ലി' തുടങ്ങിയ സിനിമകളിൽ ഉൾപ്പെടെ പ്രധാനവേഷം ചെയ്തു.