ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് പച്ചക്കൊടി വീശിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തമിഴ് സിനിമയിലെ മറ്റൊരു സൂപ്പർതാരമായ അജിത് കുമാറും തന്റെ റേസിംഗ് ടീമിന്റെ ഭാഗമായി ഈ മത്സരത്തിൽ ട്രാക്കിലിറങ്ങിയിരുന്നു. റേസിന് മുന്നോടിയായി ഈ ചടങ്ങിലെ വിജയ്‌യുടെ സാന്നിധ്യത്തെക്കുറിച്ച് അജിത്ത് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ. 34 വർഷത്തെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചാണ് അജിത് സംസാരിച്ചത്.

To advertise here,

"തന്റെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്ന് സമയം കണ്ടെത്തി സിൽവർസ്റ്റോണിൽ ഞങ്ങളെ കാണാൻ എത്തിയതിന് തമിഴ്നാടിന്റെ ബഹുമാന്യ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു. കഴിഞ്ഞ 34 വർഷമായി ഞങ്ങൾ ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകരാണ്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്." മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അജിത് കുമാർ പറഞ്ഞു. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾ നടക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

"മോട്ടോർസ്‌പോർട്ട് മാത്രമല്ല, എല്ലാ വിഭാഗത്തിലും കായികരംഗത്തെ പ്രോത്സാഹിപ്പിക്കാൻ അവർ വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവർ മോട്ടോർസ്‌പോർട്ടിനെയും പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയിലും ചെന്നൈയിലും ലെ മാൻസ് സീരീസ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ലോജിസ്റ്റിക്സ്പരമായും അടിസ്ഥാന സൗകര്യപരമായും എന്തൊക്കെ ആവശ്യമാണെന്ന് നേരിട്ട് കാണാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തരം മത്സരങ്ങൾ ഇന്ത്യയിലേക്ക് വരണമെന്നും ഞങ്ങൾ എല്ലാവരും ഇന്ത്യയിൽ വെച്ച് റേസ് ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം." അജിത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ട് പേരുകളാണ് അജിത് കുമാറും വിജയും. 1993-ൽ 'അമരാവതി'യിലൂടെ അജിത് നായകനായി അരങ്ങേറ്റം കുറിച്ചപ്പോൾ, 1992-ൽ 'നാളൈ തീർപ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് തന്റെ നായകനായുള്ള യാത്ര ആരംഭിച്ചത്. വർഷങ്ങളായി ഇരുവരുടേയും ആരാധകർ സോഷ്യൽ മീഡിയയിലൂടെയും മറ്റും പരസ്പരം വാക്തർക്കങ്ങളിലേർപ്പെടാറുണ്ട്. ഈയവസരത്തിൽ അജിത് പങ്കെടുക്കുന്ന റേസിങ് മത്സരത്തിന് വിജയ് പച്ചക്കൊടി വീശിയത് ഏവരേയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read: റേസിങ്ങിനിടെ കാർ അപകടത്തിൽപ്പെട്ടു, നടൻ അജിത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടു

ചടങ്ങിനെത്തിയ വിജയ് ഓടിച്ചെന്ന് അജിത്തിനെ ആലിംഗനം ചെയ്യുന്നതുൾപ്പെടെയുള്ള വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജനനായകൻ എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയജീവിതത്തോട് വിടപറഞ്ഞിരിക്കുകയാണ്. അധിക് രവിചന്ദ്രൻ സംവിദാനംചെയ്യുന്ന ചിത്രത്തിലാണ് അജിത് ഇനി വേഷമിടുന്നത്.