ചില പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോഴും, രാവണന്റെ ഗാംഭീര്യവും ശക്തിയും സ്ക്രീനിൽ കൊണ്ടുവരാൻ യഷിന് സാധിച്ചുവെന്നും അത് വളരെ വലിയൊരു ദൗത്യമാണെന്നും അവർ സമ്മതിച്ചു.

'രാമായണ: പാർട്ട് വൺ' എന്ന ചിത്രത്തേക്കുറിച്ച് അഭിപ്രായംതുറന്നുപറഞ്ഞ് നടിയും കജോളിന്റെ സഹോദരിയുമായ തനിഷ മുഖർജി. രൺബീർ കപൂറിന്റെ ശ്രീരാമവേഷത്തേക്കുറിച്ച് അവർ വാനോളം പുകഴ്ത്തി. രൺബീർ കപൂറിനൊപ്പം യഷ് ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം പൂർണമായി തൃപ്തിപ്പെടുത്തിയില്ല. ചിത്രത്തിലെ രാവണന്റെ അവതരണത്തിന് കൂടുതൽ ആഴം വേണമായിരുന്നു എന്നാണ് തനിഷയുടെ നിരീക്ഷണം. സീതയായി സായി പല്ലവി ഒട്ടും ചേരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. മൂന്ന് കുറിപ്പുകളായാണ് തനിഷ രാമായണ സിനിമയുടെ റിവ്യൂ പങ്കുവെച്ചത്.
"അല്പം വൈകിയെങ്കിലും രാമായണ എന്ന ചിത്രം ഒടുവിൽ കണ്ടു. മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. ഇതിൽ നിറയെ ‘രാമൻ’ തന്നെയാണ്! രൺബീർ കപൂർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. അനിമൽ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട്, ശ്രീരാമന്റെ വേഷത്തിൽ അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. അത്ഭുതകരമെന്നുപറയട്ടേ, അദ്ദേഹം ആ വേഷത്തിന് തികച്ചും അനുയോജ്യനായിരുന്നു. സായിപല്ലവി മികച്ചൊരു നടിയാണെന്നതിൽ സംശയമില്ല, പക്ഷേ സീത എന്ന കഥാപാത്രത്തിന് അവർ ഒട്ടും ചേരുന്നില്ല എന്ന് തോന്നി! അവർ വരുമ്പോൾ ആ ദൃശ്യാനുഭവവുമായുള്ള എന്റെ ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടുന്നതുപോലെ തോന്നി. എന്നാൽ സിനിമയിലെ ദൃശ്യങ്ങൾ, കഥ, അഭിനയം എന്നിവയെല്ലാം അതിമനോഹരമാണ്." തനിഷ കുറിച്ചു.
രാമായണത്തിൽ ശ്രീരാമനായി രൺബീർകപൂർ എങ്ങനെ തിളങ്ങി എന്നതിനെക്കുറിച്ചുള്ള വിശദീകരണം എന്ന ആമുഖത്തോടെ മറ്റൊരു പോസ്റ്റും തനിഷ പങ്കുവെച്ചിട്ടുണ്ട്. "ഒന്നാമതായി, അദ്ദേഹത്തിലൂടെ എനിക്ക് പല മാനങ്ങളുള്ള ഒരു കഥാപാത്രത്തെ കാണാൻ സാധിച്ചു. പിതാവ് വനവാസത്തിന് അയച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ വേദനയും അതിന് പിന്നിൽ കൈകേയിയാണെന്ന് അറിഞ്ഞപ്പോൾ ഒരു അമ്മയുടെ സ്ഥാനത്തുണ്ടായിരുന്ന ഒരാളിൽ നിന്നേറ്റ ആഘാതവും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. സീതയോടുള്ള ആദരവും സ്നേഹവും ലക്ഷ്മണനോടുള്ള സ്നേഹനിർഭരമായ പെരുമാറ്റവും അവരെ സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ കരുതലും എനിക്ക് കാണാനായി. കഥാപാത്രത്തെ എഴുതിയ രീതിയിലല്ല, മറിച്ച് താൻ കടന്നുപോകുന്ന വികാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനയപാടവമാണ് ഇവിടെ എടുത്തു പറയേണ്ടത്.
സീതയെ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ഞെട്ടലും വേദനയും ഒപ്പം ഉറച്ച തീരുമാനവും! ഏറ്റവും മികച്ച കാര്യം, അദ്ദേഹത്തിന്റെ ശാന്തമായ ഭാവമാണ്; ശ്രീരാമൻ എന്ന സങ്കൽപ്പത്തെ അദ്ദേഹം അത്രത്തോളം സ്വാഭാവികമായി ഉൾക്കൊണ്ടിരുന്നു. അദ്ദേഹം 'ശ്രീരാമനായി' ജീവിക്കുകയായിരുന്നു, അല്ലാതെ രാമനായി അഭിനയിക്കാൻ ശ്രമിക്കുകയായിരുന്നില്ല." തനിഷ അഭിപ്രായപ്പെട്ടു.
തന്റെ മുത്തശ്ശിയുടെ രാംരാജ്യ എന്ന സിനിമയിലൂടെയാണ് ഈ സംസ്കാരത്തെക്കുറിച്ച് താൻ ആദ്യം മനസ്സിലാക്കിയതെന്ന് തനിഷ ഓർമിച്ചു. യഷിനെ ഒരു നടനെന്ന നിലയിൽ ഇഷ്ടമാണെങ്കിലും, രാവണനായുള്ള അദ്ദേഹത്തിന്റെ പ്രകടനം പ്രധാനമായും ശാരീരിക ആധിപത്യത്തെ മാത്രം ആശ്രയിച്ചുള്ളതായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. രാവണൻ കേവലം ഒരു വില്ലൻ മാത്രമായിരുന്നില്ല, മറിച്ച് ഒരു പണ്ഡിതനും ബ്രാഹ്മണനും ധ്യാനാത്മകമായ ആഴമുള്ള വ്യക്തിയുമായിരുന്നു എന്ന് തനിഷ ചൂണ്ടിക്കാട്ടി.
"എനിക്ക് യഷിനെ ഒരു നടൻ എന്ന നിലയിൽ വളരെ ഇഷ്ടമാണ്. കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം വളരെ പുരോഗമനപരമായ ചിന്താഗതിയുള്ള ആളാണെന്നും ഞാൻ കരുതുന്നു. എന്നാൽ ഇവിടെ അദ്ദേഹത്തിന്റെ പ്രകടനം എന്നെ അല്പം നിരാശപ്പെടുത്തി. യഷ് വില്ലനായി ശക്തമായ പ്രകടനം നടത്തി. പക്ഷേ രാവണൻ വെറുമൊരു വില്ലൻ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു പണ്ഡിതനും ബ്രാഹ്മണനും അറിവുള്ളവനുമായിരുന്നു." തനിഷ പറഞ്ഞു.
ശൂർപ്പണഖയുമായി ബന്ധപ്പെട്ട രംഗങ്ങളിൽ, പ്രത്യേകിച്ച് ശൂർപ്പണഖയുടെ ഭർത്താവിനെ രാവണൻ വധിക്കുന്ന ഭാഗത്ത് കൂടുതൽ ആർദ്രത ഉണ്ടാകാമായിരുന്നു എന്ന് തനിഷ പ്രത്യേകം എടുത്തുപറഞ്ഞു. ചില പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോഴും, രാവണന്റെ ഗാംഭീര്യവും ശക്തിയും സ്ക്രീനിൽ കൊണ്ടുവരാൻ യഷിന് സാധിച്ചുവെന്നും അത് വളരെ വലിയൊരു ദൗത്യമാണെന്നും അവർ സമ്മതിച്ചു.
Content Highlights: Actress Tanishaa Mukerji shared a detailed three-part review of Nitesh Tiwari's Ramayana: Part 1, lavishly praising Ranbir Kapoor for "living" the role of Lord Rama with emotional depth while criticizing Sai Pallavi as completely miscast as Sita and noting that Yash's Ravana relied too much on physical dominance rather than scholarly depth.
Published: 26 Nov 2026, 09:04 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented