കിർഗിസ്ഥാൻ എഴുത്തുകാരിയും സംവിധായികയുമായ നർഗിസ ദോത്തിയേവ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ ചിത്രമാണ് 'സ്‌കൈലാർക്ക്'. 2026-ലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത് റഷ്യയിലെ അമൂർ ഓട്ടം മേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ചിത്രം 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശനത്തിനെത്തിയത്.

To advertise here,

ഒരു ചെറിയ മലയോര ഗ്രാമത്തിൽ ജീവിക്കുന്ന ഒരു കിർഗിസ്ഥാൻ ബാലനിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. മുത്തശ്ശിക്കൊപ്പമാണ് ആ കുട്ടി വളർന്നത്. അതിർത്തിയിലെ സംഘർഷങ്ങളും ദിനചര്യകളും ഓർമകളും അമ്മയുടെ അഭാവവുമെല്ലാം അവനിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം സഞ്ചരിക്കുന്നത്. അവന്റെ വളർച്ചയുടെയും തിരിച്ചറിവിന്റെയും കഥയാണ് 'സ്‌കൈലാർക്ക്'.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉലർബെക്ക് മിർലാനോവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുത്തശ്ശിയായി വേഷമിട്ട ബെർമെറ്റ് ഒമുറോവയും കഥാപാത്രത്തിന് കരുത്ത് പകർന്നു. ബെൻ ലിഡെൽ പകർത്തിയ മലയോര പ്രകൃതിഭംഗിയും യെവ്‌ജെനി ക്രോക്മാലെൻകോയുടെ എഡിറ്റിങ്ങും മികച്ചതായിരുന്നു. യെവ്‌ജെനി കിമ്മാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

അതിർത്തി പ്രദേശത്തെയും അവിടുത്തെ മനുഷ്യരുടെ വികാരങ്ങളും ഭംഗിയായി പകർത്തിയെടുക്കാൻ നർഗിസ ദോത്തിയേവയ്ക്ക് സാധിച്ചിട്ടുണ്ട്. വേഗമുള്ള കഥാഗതി പ്രതീക്ഷിക്കുന്നവർക്ക് അല്പം പതുക്കെയായി തോന്നാമെങ്കിലും മികച്ചൊരു സിനിമാ അനുഭവം തന്നെയാണ് 'സ്‌കൈലാർക്'.