
തമിഴ്‌നാട് മന്ത്രിസഭാ വകുപ്പ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. എഗ്മോർ എംഎൽഎ രാജ്‌മോഹനെ ഫിലിം ടെക്‌നോളജി- സിനിമാറ്റോഗ്രാഫ് ആക്ട് മന്ത്രിയാക്കിയതിനെതിരേ സംഘടന രംഗത്തെത്തി. വകുപ്പ് വിഭജനത്തിൽ നിരാശരാണെന്ന് നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ എക്‌സിൽ കുറിച്ചു.
ചലച്ചിത്ര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, സിനിമാ വ്യവസായത്തെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലാത്ത ഒരാളെ സ്ഥാനത്ത് നിയമിക്കുന്നത് ഗുണകരമാകില്ലെന്ന് വിശാൽ ആശങ്ക പ്രകടിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി സിനിമയുടെ താഴെത്തട്ടിൽ പ്രവർത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി വിജയ് തന്നെ വകുപ്പ് കൈകാര്യം ചെയ്യുന്നതായിരുന്നു ഉചിതം. അടിയന്തരമായി മേഖലയുമായി ബന്ധപ്പെട്ട് പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും വിശാൽ അഭിപ്രായപ്പെട്ടു.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് നിർദേശങ്ങൾ വിശാൽ മുന്നോട്ടുവെച്ചു. ടിക്കറ്റിങ്ങിന് സർക്കാർ സംവിധാനം ഒരുക്കുക. തദ്ദേശസ്ഥാപനങ്ങൾ ചുമത്തുന്ന വിനോദ നികുതി എടുത്തുകളയുക. ചെറിയ സിനിമകൾക്ക് നൽകുന്ന സബ്‌സിഡി തുക വർധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് വിശാൽ മുന്നോട്ടുവെച്ചത്.
'ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനമായി നൽകാമായിരുന്നു. കഴിഞ്ഞ ഒൻപതുവർഷം അങ്ങനെ കാത്തിരുന്നു. രാജ്‌മോഹനെ ചെറുതായി കാണുകയല്ല, എന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. ഞങ്ങൾക്ക് ആശ്വാസം നൽകാൻ മുഖ്യമന്ത്രിക്ക് സാധിക്കുമെന്നാണ് വിചാരിക്കുന്നത്', വിശാൽ കൂട്ടിച്ചേർത്തു.
അതേസമയം, പരസ്യപ്രതികരണത്തിൽ വിശാലിനെ പരോക്ഷമായി വിമർശിച്ച് നടൻ അരുൺ വിജയ് രംഗത്തെത്തി. സർക്കാരിന്റെ തീരുമാനങ്ങളെ മാനിക്കണമെന്നും, മുഖ്യമന്ത്രിക്ക് സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ അറിയാമെന്നും അദ്ദേഹം വിശാലിന്റെ പേര് പറയാതെയുള്ള എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എടുക്കുന്ന തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്നും അരുൺ വിജയ് അഭ്യർഥിച്ചു.
Content Highlights: Nadigar Sangam expresses disappointment over Rajmohan's appointment to the film portfolio. Vishal demands government-managed ticketing and removal of local entertainment taxes. Arun Vijay advocates for respecting government decisions and avoiding public criticism. The dispute highlights the ongoing tension between film industry stakeholders and the 2026 administration
Published: 18 May 2026, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented