ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ചതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കൽ. മമ്മൂട്ടി എന്ന മഹാനടൻ എല്ലാവരുടേതുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ പേറ്റന്റ് ആരും എഴുതി എടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

'അസഹിഷ്ണുത ഒരു രോഗമാണ്. അസൂയ, കുശുമ്പ് തുടങ്ങിയവയുടെ സഹോദര രോഗം. പിന്നെ സൈബർകൃമികൾക്ക് ഒരു ജോലിയും. കുറിതൊട്ടാൽ സങ്കി. തൊട്ടില്ലെങ്കിൽ കമ്മി. ഇതിനു നടുക്ക് ചമ്മാതെ പമ്മാൻ വല്ല്യ ബുദ്ധിമുട്ടാണ്', രാജീവ് ആലുങ്കൽ കുറിച്ചു.

'നേതാക്കന്മാർ മക്കളുടെ കല്യാണത്തിന് പരസ്പരം വിളിക്കും. അണികൾ പഴയജാതിവ്യവസ്ഥപോലെ കമ്മി, കൊങ്ങി, സങ്കി മതിലുകൾ കെട്ടി വിഡ്ഢികളാകും. എല്ലായിടത്തും ഇത്തരം അടിമകളുണ്ട്. നാണംകെട്ട വിഷജന്തുക്കൾ. പ്രതിഭകളെ താലോലിക്കുവാൻ ഇവിടെ എക്കാലവും വിശാലമനസ്സുള്ള ഒരു സമൂഹമുണ്ട്. തളർത്താൻ ചൊറിയും കുത്തി കുറ്റം പറഞ്ഞിരിക്കുന്ന വിടുവായൻതവളകളും ഉണ്ട്', അദ്ദേഹം കുറ്റപ്പെടുത്തി.

'മമ്മൂട്ടി എന്ന മഹാനടൻ എല്ലാവരുടേതുമാണ്. അദ്ദേഹത്തിന്റെ പേറ്റന്റ് ആരും എഴുതിയെടുക്കേണ്ട. എഴുപത്തിയഞ്ചിന്റെ യുവത്വം ആ മനുഷ്യന്റെ ഇച്ഛാശക്തിയാണ്. ആരുടേയും ഔദാര്യമല്ല. അർഹതയില്ലാത്ത ഒന്നും ആ പ്രതിഭയ്ക്ക് കാലം നൽകിയിട്ടുമില്ല. മഴപെയ്യുമ്പോൾ മാളത്തിലിരുന്ന് വികടശബ്ദമുണ്ടാക്കുന്ന തവളകളല്ല ആകാശം ചുമക്കുന്നത്. മനസ്സിൽ വെളിച്ചമില്ലാത്ത മരമാക്രികളും, മണിയനീച്ചകളും, പ്രതിഭകളുടെ വഴി വരച്ചിട്ട് വളർത്താനും, തളർത്താനും തീരുമാനിക്കരുത്. പീലിയില്ലാ മയിലുകൾക്ക് വികല നൃത്തം ചെയ്യാനല്ല മഴ പെയ്യുന്നത്. അത് നനവുപകരാനുള്ള കാലത്തിന്റെ മഹാനിയോഗമാണ്', അദ്ദേഹം കുറിച്ചു.

'അയാൾ അടുത്ത സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ്. കൂകുന്നവർക്കും, കുരയ്ക്കുന്നവർക്കും, കുളിരുകോരി പാടുന്നവർക്കും കൂരയിൽ ഒരുമിച്ചിരുന്നുകാണാൻ പറ്റിയ ഒരു സിനിമ!', രാജീവ് ആലുങ്കൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തൃശ്ശൂരിലെ ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയത്. പിന്നാലെ, സി.പി.എം. സൈബർ അണികളിൽനിന്ന് കടുത്ത ആക്രമണമാണ് മമ്മൂട്ടിക്ക് നേരിടേണ്ടി വന്നത്. നേരത്തെ, മമ്മൂട്ടിയുടെ വീട്ടിൽ പോയതിന് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ. നേതാക്കൾക്കെതിരെയും സൈബർ അണികൾ തിരിഞ്ഞിരുന്നു.