അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ഓർമ്മകൾ പുതുക്കി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഭാര്യ സുതപ സിക്ദർ. തങ്ങളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ ഓർമകൾ പങ്കുവെച്ചത്. 1995 ഫെബ്രുവരി 23 ആയിരുന്നു ഇവരുടെ വിവാഹം. ഈ തീയതി തിരഞ്ഞെടുത്തതിന് പിന്നിൽ രസകരമായ ഒരു കാരണമുണ്ടെന്ന് സുതപ വെളിപ്പെടുത്തി.

To advertise here,

തീയതികൾ ഓർത്തെടുക്കാൻ ഇർഫാന് വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് സുതപ സിക്ദർ ഓർമിച്ചു. അതിനാലാണ് തന്റെ ജന്മദിനമായ ഫെബ്രുവരി 23 വിവാഹത്തിനായി തിരഞ്ഞെടുത്തതെന്നും അവർ കുറിപ്പിൽ പറഞ്ഞു. 1995 ൽ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അന്ന് ഒഴിവാക്കിയ എല്ലാ ചടങ്ങുകളോടെയും ആഘോഷങ്ങളോടെയും ഇർഫാന് താനുമായി വീണ്ടും വിവാഹിതനാകാൻ ആഗ്രഹമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് 25 വർഷം തികഞ്ഞതിന് ശേഷം അദ്ദേഹം ഇത് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

"വിവാഹ വാർഷികത്തിന് ആശംസകൾ ഇർഫാൻ. വിവാഹം കഴിഞ്ഞ് 25 വർഷം തികഞ്ഞപ്പോൾ വീണ്ടും വിവാഹിതനാകണമെന്ന് നീ ആഗ്രഹിച്ചിരുന്നു. വളരെ ലളിതമായി നടത്തിയ നമ്മുടെ വിവാഹത്തിൽ നമ്മൾ ചെയ്യാത്ത എല്ലാ കാര്യങ്ങളും ചെയ്യണമെന്നും നീ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ചടങ്ങുകളോടെയും നമുക്ക് വീണ്ടും വിവാഹിതരാകാൻ കഴിഞ്ഞില്ല," അവർ എഴുതി.

ഈ അവസരത്തിൽ ഇർഫാന്റെ ജന്മനാടായ ടോങ്കിലേക്ക് യാത്ര ചെയ്തതായും അവർ പങ്കുവെച്ചു. "ഞാൻ നിൻ്റെ ജന്മനാടായ ടോങ്കിലേക്ക് ഒരു യാത്ര നടത്തി, നമ്മുടെ ഡി ഡേ ആഘോഷിച്ചു! 'ഡി ഡേ' എന്ന വാക്ക് കേട്ട് നിൻ്റെ ചിരി ഞാൻ കേൾക്കുന്നു!!," അവർ കൂട്ടിച്ചേർത്തു.

ഇർഫാനും സുതപയ്ക്കും ബാബിൽ, അയാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ന്യൂറോ എൻഡോക്രൈൻ ട്യൂമറിന് ചികിത്സയിലിരിക്കെ കോളൺ അണുബാധയെ തുടർന്നുള്ള സങ്കീർണ്ണതകൾ കാരണം 2020 ലാണ് ഇർഫാൻ അന്തരിച്ചത്.