ചലച്ചിത്ര പ്രേമികളുടെ മനസിൽ എന്നും വിങ്ങുന്ന ഓർമയാണ് ബോളിവുഡ് താരം ഇർഫാൻ ഖാൻ. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് 2020 ഏപ്രിൽ 29-നാണ് അദ്ദേഹം ഈ ലോകത്തോട് വിടചൊല്ലിയത്. അംഗ്രേസി എന്ന ചിത്രത്തിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ സ്മൃതി ചൗഹാൻ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ്.

To advertise here,

അംഗ്രേസി മീഡിയത്തിന്റെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് സ്മൃതി ചൗഹാൻ പറയുന്നു. ഷൂട്ടിങ് പുരോഗമിക്കവെ അദ്ദേഹം അവശനായി. ഇർഫാൻ ഖാന് കടുത്ത വേദന ഉണ്ടായതിനെ തുടർന്ന് പല ദിവസങ്ങളിലും ചിത്രീകരണം നിർത്തിവെക്കേണ്ടിവന്നിട്ടുണ്ടെന്നും സ്മൃതി ഓർത്തെടുത്തു. ഡിജിറ്റൽ കമന്ററി എന്ന യൂട്യൂബ് ചാനലിലെ അൺഫോൾഡിങ് ടാലന്റ്‌സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

'ഷൂട്ടിങ് സമയത്ത് അദ്ദേഹം വലിയ വേദനയാണ് അനുഭവിച്ചിരുന്നത്. 'സ്മൃതീ, എനിക്ക് നല്ല തണുപ്പ് തോന്നുന്നു' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ശരീരത്തിന് ചൂടേകാനുള്ള പാഡുകൾ തരാമോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ തീർച്ചയായും തരാം എന്ന് ഞാൻ പറഞ്ഞു. ചിത്രീകരണം മുന്നോട്ടുപോകുന്നതിനനുസരിച്ച് അദ്ദേഹം അവശനായിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളിൽ ഒരുപാട് പാഡുകൾ ഞങ്ങൾക്ക് കൂട്ടിച്ചേർക്കേണ്ടതായിവന്നു.' -സ്മൃതി ചൗഹാൻ പറഞ്ഞു.

'വേനൽക്കാലത്തെ സീക്വൻസുകൾ ചിത്രീകരിക്കുമ്പോൾ ഉള്ളിൽ ധരിക്കുന്ന ബനിയനാണ് അദ്ദേഹത്തിന് ഞങ്ങൾ നൽകിയത്. അതിലും പാഡുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എല്ലായ്‌പ്പോഴും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടെ ചിലപ്പോൾ അദ്ദേഹം ഇടവേളയെടുക്കും; തീരെ വയ്യാതാകുമ്പോൾ. വരണമെന്ന് ആഗ്രഹിച്ചിട്ട് പോലും അദ്ദേഹത്തിന് സെറ്റിൽ എത്താൻ കഴിയാതിരുന്നതിനാൽ ഷൂട്ടിങ് നടക്കാതിരുന്ന ദിവസങ്ങൾ പോലും ഉണ്ടായിരുന്നു. അദ്ദേഹം വലിയ വേദനയാണ് അനുഭവിച്ചിരുന്നത്.' -സ്മൃതി പറഞ്ഞു.