ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെൻഡായ 2026 ഈസ് ദി ന്യൂ 2016 (2026 is the new 2016) -ൽ പങ്കുചേർന്ന് അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ ഭാര്യ സുതപ സിക്ദർ. ഇർഫാൻ ഖാനുമൊത്തുള്ള ഹൃദയസ്പർശിയായ ഓർമകൾ അവർ പങ്കുവെച്ചു. സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചിലവഴിക്കുന്ന ഇർഫാന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത നിരവധി ചിത്രങ്ങൾ സുതപ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 2016 -ൽ നിങ്ങളുണ്ടായിരുന്നു ഇർഫാൻ!! എന്ന ഒരു വാചകം അവർ വീഡിയോയിൽ ഉൾപ്പെടുത്തി.

To advertise here,

ഇർഫാന്റെ സാന്നിധ്യമുണ്ടായിരുന്ന ആ കാലഘട്ടത്തിൽ താൻ വളരെ സന്തോഷവതിയായിരുന്നെന്ന് സുതപ ഓർമിച്ചു. "2016 !! ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. നിങ്ങൾ സ്ഥിരമായ ഗൗരവഭാവത്തോടെ കൂടെയുണ്ടായിരുന്നതിനാൽ ഞാൻ ഒരുപാട് ചിരിച്ചു. ഞാൻ ടോം ഹാങ്ക്സിനെ കണ്ടു, ഗോവയിലേക്ക് യാത്ര പോയി. ഫ്ലോറൻസിൽ ‘ഇൻഫേർണോ’ സിനിമയുടെ പ്രീമിയറിന് പോയി. നിങ്ങൾക്ക് എൻഡിടിവി അവാർഡ് ലഭിച്ചു. ഞങ്ങൾ കാടുകളിൽ പോയി. ഞങ്ങൾ മദാരി നിർമ്മിച്ചു." അവർ എഴുതി.

 

ഈ പോസ്റ്റ് ആരാധകരുടെ ഹൃദയത്തിൽ പെട്ടെന്ന് ഇടംനേടുകയും നിരവധി പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. "സിനിമകളിലൂടെ, അഭിമുഖങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ അദ്ദേഹത്തെ ഞങ്ങൾ യഥാർത്ഥത്തിൽ കണ്ടു. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ നഷ്ടപ്പെടുന്നു." ഇങ്ങനെയായിരുന്നു പോസ്റ്റിന് ലഭിച്ചവയിൽ ഒരു പ്രതികരണം. മലയാളി നടൻ വിനയ് ഫോർട്ടും ഈ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് ഇർഫാൻ ഖാനെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിഭ ഇന്ത്യൻ സിനിമയുടെ അതിരുകൾ കടന്ന് അന്താരാഷ്ട്ര തലത്തിലും അംഗീകരിക്കപ്പെട്ടിരുന്നു. 2020 ഏപ്രിൽ 29-ന് മുംബൈയിലെ ഒരു ആശുപത്രിയിൽ വെച്ചാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ച് ഇർഫാൻ ഖാൻ അന്തരിച്ചത്. ഇർഫാൻ ഖാന്റെ വിയോഗത്തിന് ശേഷം ഭാര്യ സുതപയും മകൻ ബാബിലും അദ്ദേഹത്തിന്റെ ഓർമ്മകളും കഥകളും നിരന്തരം പങ്കുവെയ്ക്കാറുണ്ട്.