ബ്യൂണസ് ഏറീസ്: പിതാവിന്റെ വിയോഗത്തിനു പിന്നാലെ ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിനു താഴെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോസ്റ്റ് ചെയ്ത കമന്റ് ഏരെ ശ്രദ്ധേയമായിരുന്നു. 'ബുദ്ധിമുട്ടേറിയ സമയത്ത് താങ്കൾക്കും കുടുംബത്തിനും സ്നേഹപൂർണമായ ആലിംഗനം. ലിയോ, കരുത്തോടെ മുന്നോട്ടു പോകൂ' എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. ഇപ്പോഴിതാ ക്രിസ്റ്റിയാനോയുടെ ഈ കമന്റ് സോഷ്യൽ മീഡിയയിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.

To advertise here,

റൊണാൾഡോയുടെ വാക്കുകൾ ആരാധകരുടെ ഹൃദയം കീഴടക്കി എന്ന് മാത്രമല്ല, ഇൻസ്റ്റാഗ്രാമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന കമന്റായി ഇത് മാറുകയും ചെയ്തു. കമന്റ് പോസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇതിന് 6.5 ദശലക്ഷത്തിലധികം (65 ലക്ഷം) ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മാറുന്ന വേളയിൽ റൊണാൾഡോ തന്നെ കുറിച്ച കമന്റിന് ലഭിച്ച (6 ദശലക്ഷം ലൈക്കുകൾ) റെക്കോഡാണ് ഇതോടെ തകർന്നത്.

കളിക്കളത്തിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് അപ്പുറം പ്രതിസന്ധി ഘട്ടത്തിൽ മെസ്സിയെ ചേർത്തുപിടിക്കുന്ന ക്രിസ്റ്റ്യാനോയെയാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ലോകം കണ്ടത്.