പാട്ന: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്കെതിരേ കേസെടുക്കാൻ ഹർജി. കുന്ദൻ കുമാർ എന്നയാളാണ് ബീഹാർ മുസാഫർപുർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഇയാൾ ഹർജിയിൽ റിയക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ഐ.പി.സി സെക്ഷൻ 306, 420 എന്നീ വകുപ്പുകൾ റിയക്കെതിരേ ചുമത്താൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. 

To advertise here,

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബെെ പോലീസ് ഒൻപത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു.- പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടുതൽ അന്വേഷണത്തിനായി റിയ, തന്റെ മൊബെെൽ ഫോൺ പോലീസിന് കെെമാറിയിരുന്നു. റിയയും സുശാന്തും കെെമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു.  2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ  ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയിരുന്നു. 

Content Highlights: Sushant Singh Rajput death, suicide, Case filed against Rhea Chakraborty in Bihar court