സൂര്യ - ജിത്തു മാധവൻ ചിത്രം സീനിലെ പുത്തൻ ഗ്ലിംപ്സ് വീഡിയോ പുറത്ത്. സൂര്യയെ മാസ്, സ്റ്റൈലിഷ് ലുക്കിൽ ഏറെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി അവതരിപ്പിക്കുന്ന ഗ്ലിംപ്സ് ആണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം, കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് മെഗാ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്.

To advertise here,

ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്ന ഇമ്പരാജ് എന്ന പൊലീസ് കഥാപാത്രത്തിന്റെ വേറിട്ട ഭാവങ്ങളാണ് ഗ്ലിംപ്സിൻ്റെ പ്രധാന ആകർഷണം. ദുബായിൽ ഇന്നലെ നടന്ന ‘സീൻ’ പ്രീ-റിലീസ് ചടങ്ങിൽ അവതരിപ്പിച്ച ഗ്ലിംപ്സ് ഇന്ന് ഡിജിറ്റലായി പുറത്തിറക്കി. സൂര്യയുടെ മാസ് സ്ക്രീൻ പ്രസൻസിനൊപ്പം സുഷിൻ ശ്യാം ഒരുക്കിയ കിടിലൻ പശ്ചാത്തലസംഗീതവും വീഡിയോയെ ശ്രദ്ധേയമാക്കുന്നു.

സാധാരണ പൊലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ശരീരഭാഷയും പെരുമാറ്റവുമുള്ള ഇമ്പരാജിനെയാണ് ഗ്ലിംപ്സ് പരിചയപ്പെടുത്തുന്നത്. ഗൗരവമേറിയ പൊലീസ് പശ്ചാത്തലത്തിനൊപ്പം നർമത്തിനും പ്രാധാന്യം നൽകുന്ന കഥാപാത്രമാണെന്ന സൂചനയും ദൃശ്യങ്ങളിലുണ്ട്. ആക്ഷനും കോമഡിയും സമന്വയിപ്പിച്ചുള്ള സൂര്യയുടെ അവതരണവും കഥാപാത്രത്തിന് ചേരുന്ന സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ പ്രതീക്ഷ ഉയർത്തുന്നു. കഥാപാത്രത്തിന്റെ കൂടുതൽ തലങ്ങളിലേക്ക് കടക്കാതെ ചിത്രത്തിന്റെ ടോണും ഇമ്പരാജിന്റെ സ്വഭാവവും പരിചയപ്പെടുത്തുന്ന രീതിയിലാണ് ഗ്ലിംപ്സ് ഒരുക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തുവും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. മലയാളത്തിൽ ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെ സംഗീതവും അവതരണശൈലിയും ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ മ്യൂസിക് അവകാശം സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിൽ മലയാളി താരം നസ്‌ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറും നേരത്തെ പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ : ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.