തിരുവനന്തപുരം: കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ​ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. നവാ​ഗതനായ  മാത്യൂസ് തോമസാണ് ചിത്രം സംവിധാനംചെയ്യുന്നത്.

To advertise here,

ഒറ്റക്കൊമ്പൻ സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. പൂജപ്പുര സെൻട്രൽ ജയിലായിരുന്നു ലൊക്കേഷൻ. പത്ത് ദിവസമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഇതിൽ ആദ്യത്തെ മൂന്ന് ദിവസമായിരിക്കും ജയിലിലെ ചിത്രീകരണം. ഇതിനുശേഷം കോട്ടയത്തും ചിത്രീകരണമുണ്ടാവുമെന്നാണ് വിവരം. 

കേന്ദ്രമന്ത്രിയായതിനുശേഷവും സുരേഷ് ​ഗോപി സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച്  സംസാരങ്ങളുയർന്നിരുന്നു. എന്നാൽ സിനിമയിലഭിനയിക്കാൻ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അനുമതി കൊടുത്തിരുന്നില്ല. ഇപ്പോൾ സിനിമ ചെയ്യാൻ പാർട്ടി അനുമതി നൽകിയതിനെത്തുടർന്നാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.

placeholder
ഒറ്റക്കൊമ്പന്റെ സെറ്റിലെത്തിയ സുരേഷ് ​ഗോപി

ഇമോഷന്‍ ത്രില്ലര്‍ ഡ്രാമയായി ആണ് ചിത്രം ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി ബിജു പപ്പന്‍, മേഘന രാജ്, മാർട്ടിൻ മുരുകൻ, ജിബിൻ​ഗോപിനാഥ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

placeholder
ഒറ്റക്കൊമ്പന്റെ അണിയറപ്രവർത്തകർക്കൊപ്പം സുരേഷ് ​ഗോപി

തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഡിസംബര്‍ 30-ന് ചിത്രത്തിന്റെ ഭാഗമാകും. ബിഗ് ബജറ്റില്‍ ശ്രീഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി ബോളിവുഡ് സിനിമയിലെ മുന്‍നിര താരങ്ങള്‍ ആണ് എത്തുന്നതെന്ന് ശ്രീഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. താരങ്ങളുടെ പേരുകള്‍ ഉടനെ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം സുരേഷ് ​ഗോപി ഡൽഹിക്ക് മടങ്ങും. ഒറ്റക്കൊമ്പനുശേഷം മൂന്ന് ചിത്രങ്ങൾകൂടി സുരേഷ് ​ഗോപിയുടേതായി വരാനുണ്ട്.