
വർഷങ്ങൾക്കുമുൻപ് ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേക്ഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം. മോഹൻലാൽ എന്ന ജനപ്രിയ നടൻ ഒരു ജീപ്പ് ജമ്പ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസികമായ രംഗം. മലയാളത്തിൻ്റെ പ്രിയ സംവിധായകൻ ഭദ്രനായിരുന്നു തൻ്റെ സ്ഫടികം എന്ന ചിത്രത്തിനുവേണ്ടി ഈ രംഗം ചിത്രീകരിച്ചത്. ഈ രംഗം ചിത്രീകരിക്കുമ്പോൾ ആവേശത്തോടെ കയ്യടിച്ചവരുടെ കൂട്ടത്തിൽ ഒരു കൊച്ചുപയ്യനുമുണ്ടായിരുന്നു. മാത്യൂസ് തോമസ് പ്ലാമൂട്ടിൽ എന്നായിരുന്നു ആ ആരാധകന്റെ പേര്.
കാലം മുന്നോട്ടു പോകുന്തോറും ചങ്ങനാശേരി വെരൂർ സ്വദേശിയായ മാത്യൂസിൻ്റെ മനസ്സിൽ സിനിമാമോഹവും വളർന്നു. ഒപ്പം ഭദ്രൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും. വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തൻ്റെ പ്രവർത്തനമണ്ഡലമെന്ന് അവൻ തിരിച്ചറിഞ്ഞു. അതും ഒരു സംവിധായകനാകുകയെന്നത്. നാട്ടുകാരൻ കൂടിയായ ജോണി ആൻ്റണിക്കൊപ്പം സംവിധാനത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയ മാത്യൂസ് ജോണിക്കൊപ്പം ഏതാനും ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. പിന്നീട് ദീപൻ, അമൽനീരദ്, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി, നിസാം ബഷീർ, തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ഏറെ മോഹിച്ച ഭദ്രനോടൊപ്പവും പ്രവർത്തിച്ചശേഷമാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.
ഷിബിൻ ഫ്രാൻസിസിൻ്റെ തിരക്കഥയിൽ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന സുരേഷ് ഗോപി നായകനാവുന്ന സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. ഇതിനിടെ ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയിൽ തെരഞ്ഞെടുപ്പും പിന്നീട് സുരേഷ് ഗോപി കേന്ദ്രമന്ത്രിയുമായി മാറി. ഈ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചത്. ഒരുമാസത്തോളം ആദ്യ ഷെഡ്യൂൾ നീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രിൽ ഇരുപത്തിയൊന്നിനാണ്. രണ്ടര മാസത്തോളം നീളുന്ന രണ്ടാംഘട്ട ചിത്രീകരണം പാലാ, തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്.
പാലായാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂൾ ആരംഭിച്ചതിനുശേഷം പാലാ നഗരത്തിൽ ഈ സിനിമയുടെ ചിത്രീകരണം എത്തുന്നത് മെയ് പതിനെട്ടിനായിരുന്നു. അതും പ്രസിദ്ധമായ പലാ കുരിശു പള്ളിക്കു മുന്നിൽ. പൊതുനിരത്തിൽ സുരേഷ് ഗോപിയും മാർക്കോ വില്ലൻ കബീർ ദുഹാൻ സിംഗും തമ്മിലുള്ള സംഘട്ടനം. ഈ രംഗം ചിത്രീകരിക്കുമ്പോൾ സംവിധായകൻ മാത്യൂസ് തോമസ് ഓർമ്മിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാർക്കറ്റിലെ സംഘട്ടനത്തിൻ്റെ യഥാർത്ഥ ശിൽപ്പിയായ ഭദ്രൻ എന്ന സംവിധായകനേയാണ്. അദ്ദേഹത്തിൻ്റെ വീടും പാലായാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്.
കാലത്തുതന്ന മാത്യൂസ് ഭദ്രൻ്റെ വീട്ടിലെത്തി ലൊക്കേഷൻ അന്ദർശിക്കണമെന്നാവശ്യപ്പെട്ടു. സന്തോഷത്തോടെ, വരുമെന്നുറപ്പുനൽകിയാണ് അദ്ദേഹം തൻ്റെ ശിഷ്യനെ മടക്കിയത്. വലിയ ജനക്കൂട്ടത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഭദ്രൻ കടന്നുവന്നത്. സംവിധായകൻ മാത്യൂസ് തോമസ്സും, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സുരേഷ് ഗോപിയുമായി അമ്മ സംഘടനയിലെ കാര്യങ്ങൾ സംസാരിക്കാൻ ഭാരവാഹികളായ ബാബുരാജും, ജയൻ ചേർത്തലയും ഈയവസരത്തിൽ ഇവിടെ സന്നിഹിതരായിരുന്നു.

ബോളിവുഡ് താരവും മാർക്കോയിലൂടെ ശ്രദ്ധേയനുമായ ഭദ്രനെ കബീർ ദുഹാൻ സിംഗിന് സുരേഷ് ഗോപി പരിചയപ്പെടുത്തി. ഇതിനിടയിൽ ഒരു രംഗം ഭദ്രൻ ചിത്രീകരിക്കണമെന്ന് മാത്യൂസ് ആവശ്യപ്പെട്ടു. തുടർന്ന് സുരേഷ് ഗോപിയും കബീർ ദുഹാൻ സിംഗും ചേർന്ന ഒരു ഷോട്ട് ഭദ്രൻ എടുത്തു. യൂണിറ്റംഗങ്ങൾ ഏറെ കൈയ്യടിയോടെയാണ് ഇതു സ്വീകരിച്ചത്. ഷോട്ടിനു മുമ്പ് ക്യാമറാമാൻ ഷാജിയേയും സംവിധായകൻ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു. വലിയ താരനിരയുടെ അകമ്പടിയോടെയും വലിയ മുതൽമുടക്കിലൂം എത്തുന്ന മാസ് എൻ്റർടൈനർ ആയിരിക്കും ഒറ്റക്കൊമ്പൻ എന്ന ചിത്രമെന്നാണ് അണിറപ്രവർത്തകർ അവകാശപ്പെടുന്നത്.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി, മേഘ്നാ രാജ്, ബിജു പപ്പൻ, ഇടവേള ബാബു, ബാലാജി ശർമ്മ, മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണൻ, പുന്നപ്ര അപ്പച്ചൻ, വഞ്ചിയൂർ പ്രവീൺ, ബാബു പാലാ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.
തിരക്കഥ - ഷിബിൻ ഫ്രാൻസിസ്. ഗാനങ്ങൾ- വയലാർ ശരത്ചന്ദ്ര വർമ്മ. സംഗീതം - ഹർഷവർദ്ധൻ രാമേശ്വർ. ഛായാഗ്രഹണം - ഷാജികുമാർ. എഡിറ്റിംഗ് - ഷഫീഖ് വി.ബി. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ - അനിഷ്, അക്ഷയ പ്രേംനാഥ് (സുരേഷ് ഗോപി). കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - കെ.ജെ. വിനയൻ., ദീപക് നാരായണൻ. കോ-പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രഭാകരൻ കാസർഗോഡ്. പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനക്കൽ. പിആർഒ
-വാഴൂർ ജോസ്.
Content Highlights: Ottakkomban, directed by Mathews Thomas, stars Suresh Gopi and features a gripping storyline
Published: 20 May 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented