ബോക്സോഫീസിൽ തരംഗം തീർത്തുകൊണ്ടിരിക്കുകയാണ് രൺവീർസിങിന്റെ ധുരന്ധർ. പുറത്തിറങ്ങി ഒരുമാസത്തോടടുക്കെ, ആയിരം കോടിയിലേറെ രൂപയാണ് ചിത്രം ആഗോള തലത്തിൽ വാരിക്കൂട്ടിയത്. ഈ ജനപ്രീതിയ്ക്കിടയിലും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ ധുരന്ധർ ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണത്തോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ സുധീർ മിശ്ര. ഹസാരോം ഖ്വായിഷേൻ ഏസി, ഖോയാ ഖോയാ ചാന്ദ്, യേ സാലി സിന്ദഗി, സീരിയസ് മെൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണദ്ദേഹം. തങ്ങളെല്ലാം ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണെന്നും, എല്ലാവരും വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. ധുരന്ധർ സംവിധായകൻ ആദിത്യ ധറിന്റെ സംവിധാന മികവിനെ പ്രശംസിച്ച അദ്ദേഹം, അതൊരു "അത്യുജ്ജ്വലമായ" ചിത്രമാണെന്നും അഭിപ്രായപ്പെട്ടു.

To advertise here,

ധുരന്ധർ സിനിമയെ വിമർശിച്ച് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി അടുത്തിടെ രംഗത്തുവന്നിരുന്നു. ഇന്ത്യക്ക് നാണക്കേടായ ഉന്നാവ് കൂട്ടബലാത്സംഗക്കേസിലെ ഇരയെ കുറിച്ച് സിനിമ ചെയ്യാൻ  ധൈര്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അർണബിന്റെ ഈ നിലപാടുമായി ബന്ധപ്പെട്ട്  സഞ്ജയ് ഝാ എന്നയാൾ പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സുധീർ മിശ്രയുടെ പോസ്റ്റ്.

"ഞങ്ങളിൽ ഒരാൾക്ക് ധൈര്യമുണ്ട്. ഒരു സിനിമ വരുന്നുണ്ട്. നിങ്ങൾക്ക് താമസിയാതെ അത് കാണാം. ഞങ്ങളെ എല്ലാവരേയും ബോളിവുഡ് എന്ന ഒരു ബ്രാൻഡിന് കീഴിൽ കൂട്ടിക്കെട്ടുന്നത് ദയവായി അവസാനിപ്പിക്കൂ. ഞങ്ങൾ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ ഭാഗമാണ്, ഞങ്ങളെല്ലാവരും വ്യത്യസ്തരുമാണ്.

കൂടാതെ, 'ധുരന്ധർ' വളരെ മികച്ച രീതിയിൽ നിർമിച്ചൊരു ചിത്രമാണ്. ആദിത്യ ധർ അങ്ങേയറ്റം കഴിവുറ്റ ഒരു സംവിധായകനാണ്. അതിലെ അഭിനയം ഗംഭീരമായിട്ടുണ്ട്. ഒരു സിനിമ നിർമിക്കുമ്പോൾ ഏറ്റവും പ്രയാസമുള്ള കാര്യം, ആ കഥ നടക്കുന്ന സ്ഥലത്തിന്റെ 'ഗന്ധം' അല്ലെങ്കിൽ അന്തരീക്ഷം പ്രേക്ഷകരായ നമ്മളിലേക്ക് എത്തിക്കുക എന്ന സംവിധായകന്റെ കഴിവാണ്. പ്രതിഭാധനരായ ഛായാഗ്രാഹകന്റെയും പ്രൊഡക്ഷൻ ഡിസൈനറുടെയും സഹായത്തോടെ ആദിത്യ ധർ അത് ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. ചെറിയ വേഷങ്ങളിൽ അഭിനയിച്ചവർ ഉൾപ്പെടെയുള്ള കാസ്റ്റിംഗ് കൃത്യമാണ്. തീർച്ചയായും, ഞാൻ മറ്റൊരു ചിന്താധാരയിൽ വിശ്വസിക്കുന്ന ഒരു സംവിധായകനാണ്." സുധീർ മിശ്ര പറഞ്ഞു.

ധുരന്ധർ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത 'ധുരന്ധർ' ഇന്ത്യൻ ബോക്‌സ് ഓഫീസിലെ റെക്കോർഡുകളെ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറ്റം തുടരുകയാണ്. ചിത്രം ആഗോള കളക്ഷനിൽ 1,100 കോടി പിന്നിട്ടതായി നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് അറിയിച്ചിരുന്നു. 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ, 2001-ലെ പാർലമെന്റ് ഭീകരാക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നീ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം. പ്രതിനായക വേഷമാണെങ്കിലും നായകനോളം പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാൻ ദകെയ്ത് . ക്രൂരനായ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.