
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത 'ധുരന്ധർ' സിനിമയ്‌ക്കെതിരേ രൂക്ഷപ്രതികരണവുമായി മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമി. 'ധുരന്ധർ' പറയുന്നത് കെട്ടുകഥയാണെന്ന് അർണാബ് പറഞ്ഞു. അക്ഷയ് ഖന്നയുടെ ഡാൻസ് തങ്ങൾക്ക് കാണേണ്ടെന്നും അർണാബ് തുറന്നടിച്ചു. തന്റെ ചാനലിൽ കഴിഞ്ഞദിവസം ഉന്നാവ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രൈം ടൈം ചർച്ചയിലാണ് അർണാബ് ചിത്രത്തിനും ബോളിവുഡിനുമെതിരേ ആഞ്ഞടിച്ചത്.
'ധുരന്ധർ കാണരുത്. അക്ഷയ് ഖന്നയുടെ ഡാൻസ് അല്ല ഞങ്ങൾക്ക് കാണേണ്ടത്. ഉന്നാവ് സംഭവത്തെക്കുറിച്ചുള്ള യഥാർഥ സിനിമയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഏതെങ്കിലും ബോളിവുഡ് നിർമാതാവിന് ഗട്‌സ് (ധൈര്യം) ജി-യു-ടി-എസ്, ഗട്‌സ് ഉണ്ടെങ്കിൽ കുൽദീപ് സിങ് സേംഗറിന് എന്ത് സംഭവിച്ചുവെന്ന് ഒരു സിനിമയെടുക്കൂ. ആ ക്രൂരത പുറത്തുകൊണ്ടുവരൂ', അർണാബ് പറഞ്ഞു.
'നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന യാഥാർഥ്യം ജനങ്ങളെ അറിയിക്കൂ. 'ധുരന്ധർ' പോലുള്ള സാങ്കൽപ്പിക കഥകളിലൂടെ ബോളിവുഡ് നിങ്ങളെ വഴിതെറ്റിക്കുകയാണ് എന്ന് മനസിലാക്കണം. 'ധുരന്ധർ' സാങ്കൽപ്പിക കഥയാണ്. യാഥാർഥ്യം പുറത്തുകൊണ്ടുവരൂ. കുൽദീപ് സിങ് സേംഗറിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് സിനിമ ചെയ്യാൻ ബോളിവുഡിൽ ആർക്കും ചങ്കൂറ്റമില്ല', അർണാബ് കൂട്ടിച്ചേർത്തു.
ഏറെക്കാലമായി ബിജെപിക്കും കേന്ദ്ര സർക്കാരിനും അനുകൂലമായ നിലപാട് തുടർന്നുവന്ന മാധ്യമപ്രവർത്തകനാണ് റിപ്പബ്ലിക്ക് ടിവി ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമി. എന്നാൽ, അടുത്തിടെ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമ ഇടപെടലാണ് അദ്ദേഹം നടത്തിവരുന്നത്. ഇത് രാഷ്ട്രീയ- മാധ്യമ മേഖലകളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, 'ധുരന്ധർ' ഇന്ത്യൻ ബോക്‌സ് ഓഫീസിലെ റെക്കോർഡുകളെ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറ്റം തുടരുകയാണ്. ചിത്രം ആഗോളകളക്ഷനിൽ 1,100 കോടി പിന്നിട്ടതായി ജിയോ നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ, 2001-ലെ പാർലമെന്റ് ഭീകരാക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നീ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം എന്നാണ് പറയപ്പെടുന്നത്.
Content Highlights: Arnab Goswami criticizes `Dhurandhar` as fiction, challenges Bollywood to make a real film on the Unnao case
Published: 01 Jan 2026, 10:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented