ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യയിലെമ്പാടും തരം​ഗം സൃഷ്ടിക്കുന്നതിൽ അദ്ഭുതം തോന്നിയിട്ടില്ലെന്ന് ബോളിവുഡ് താരം അനിൽ കപൂർ. ദക്ഷിണേന്ത്യയിലെ ചലച്ചിത്രകാരന്മാർ മികച്ച സിനിമകളെടുക്കുന്നതിൽ അ​ഗ്ര​ഗണ്യരാണെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ഥാറി'ന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

രാം ഓർ ശ്യാം, ഏക് ദൂജേ കേ ലിയേ തുടങ്ങി ഇപ്പോഴും ദക്ഷിണേന്ത്യയിലെ സംവിധായകർ മികച്ച സിനിമകളെടുക്കുന്നത് തുടരുകയാണെന്ന് അനിൽ കപൂർ പറഞ്ഞു. "തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ മികച്ച സിനിമകളുണ്ടാവുന്നുണ്ട്. ഞാനെപ്പോഴും അവിടത്തെ സംവിധായകരുടെ വിശാലമായ കാഴ്ചപ്പാടിനെ ഉറ്റുനോക്കാറുണ്ട്". അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യൻ സിനിമയിലൂടെയാണ് ഞാൻ എന്റെ സിനിമാജീവിതം തുടങ്ങിയത്. നായകനായി ആദ്യം അഭിനയിച്ചത് തെലുങ്ക് ചിത്രത്തിലായിരുന്നു. അവിടെ നിന്നാണ് പ്രൊഫഷണലിസവും അർപ്പണബോധവും അച്ചടക്കവും താൻ പഠിച്ചതെന്നും അനിൽ കപൂർ പറഞ്ഞു. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങളും മാസ്റ്റർ, പുഷ്പ, കെ.ജി.എഫ്-ചാപ്റ്റർ 2 പോലുള്ള ചിത്രങ്ങൾ ഉത്തരേന്ത്യയിൽ ബോളിവുഡ് സിനിമകളെ മറികടന്ന് വൻവിജയം നേടുന്ന പശ്ചാത്തലത്തിലായിരുന്നു അനിൽ കപൂറിന്റെ പരാമർശം.

1980-ൽ പുറത്തിറങ്ങിയ വംശവൃക്ഷം എന്ന തെലുങ്ക് ചിത്രത്തിലാണ് അനിൽ കപൂർ ആദ്യമായി നായകനായഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ആദ്യചിത്രമായ പല്ലവി അനുപല്ലവിയിലും അനിൽ കപൂറായിരുന്നു നായകൻ. കന്നഡ ചിത്രമായിരുന്നു ഇത്.

എൺപതുകളിൽ നടക്കുന്ന കഥയാണ് അനിൽ കപൂറിന്റെ പുതിയ ചിത്രമായ ഥാർ പറയുന്നത്. അദ്ദേഹത്തിന്റെ മകനായ ഹർഷവർധൻ കപൂറാണ് ചിത്രത്തിലെ മറ്റൊരു താരം. രാജ്സിങ് ചൗധരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് സംഭാഷണമെഴുതിയിരിക്കുന്നത് അനുരാ​ഗ് കശ്യപ് ആണ്. നെറ്റ്ഫ്ളിക്സിലൂടെയാണ് ഥാർ പുറത്തിറങ്ങുക.