നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ പോലീസില്‍ പരാതിയുമായി ഗായിക സുചിത്ര. ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇയാളുടെ പിന്നില്‍ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണെന്നും സുചിത്ര ആരോപിച്ചു. 

To advertise here,

താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണെന്നും ഇയാള്‍ പറഞ്ഞു. മാത്രവുമല്ല സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത വ്യക്തിയാണെന്നും ഇയാള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താന്‍ ഇയാളെ ഫോണില്‍ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു. ഞാന്‍ അഭിമുഖം അയച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. കൂടാതെ മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍  എന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. 

എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു- സുചിത്ര പരാതിയില്‍ പറയുന്നു. 

സുചി ലീക്ക്‌സ് വിവാദം

2017 ല്‍ ധനുഷിനെതിരേ ആരോപണം ഉന്നയിച്ചായിരുന്നു സുചി ലീക്ക്‌സിന്റെ തുടക്കം തുടക്കം. തൊട്ടുപിന്നാലെ തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്ത് വിട്ടു. ഇതെല്ലാം സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നായിരുന്നു. മല്ലു ലീക്ക്‌സ് എന്ന പേരില്‍ മലയാള താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു. സുചിത്രയുടെ പേരില്‍ വ്യജ ഐഡികളും ട്വിറ്ററില്‍ സജീവമായി. 

തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര അന്ന് പറഞ്ഞത്. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഇതെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന്  ലണ്ടനില്‍ ചികിത്സ തേടി. അതിനിടെയാണ് കാര്‍ത്തിക് കുമാറുമായുള്ള വിവാഹബന്ധം തകര്‍ന്നത്.