ഡിജിറ്റൽ സംഗീതത്തിന്റെ ഈ പുതിയ കാലഘട്ടത്തിൽ താൻ ചില പാട്ടുകളിൽ ഓട്ടോ ട്യൂൺ (auto-tune) ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത ഗായകൻ സോനു നിഗം. ലൈവ് സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പാടിയിരുന്ന പഴയ കാലത്തുനിന്ന് ഇന്നത്തെ ഡിജിറ്റൽ റെക്കോർഡിംഗുകളിലേക്കുള്ള മാറ്റം സംഗീത നിർമാണത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് അദ്ദേഹം വിശദീകരിച്ചു. യുട്യൂബ് പോഡ്‌കാസ്റ്റായ 'ഗെയിം ചേഞ്ചേഴ്സ്: ദ മ്യൂസിക് സീരീസ് എന്ന പരിപാടിയിലാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയത്.

To advertise here,

ഇന്നത്തെ ഡിജിറ്റൽ റെക്കോർഡിംഗുകളിൽ സ്വാഭാവികമായ ശബ്ദം ചിലപ്പോൾ പൊരുത്തക്കേടായി തോന്നാമെന്ന് സോനു നിഗം വ്യക്തമാക്കി. മുൻകാലങ്ങളിൽ തത്സമയ സംഗീതോപകരണങ്ങൾ ഉപയോഗിച്ചായിരുന്നു റെക്കോർഡിംഗ് നടത്തിയിരുന്നത്. അത്തരം സന്ദർഭങ്ങളിൽ ശബ്ദം കൃത്യം ശ്രുതിയിൽ ആയിരിക്കണമെന്ന് നിർബന്ധമില്ലായിരുന്നു, കാരണം തത്സമയ സംഗീതത്തിനനുസരിച്ച് ശബ്ദം സ്വാഭാവികമായി ക്രമീകരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇന്ന് എല്ലാം ഡിജിറ്റൽ രീതിയിലാണ് നിർമ്മിക്കുന്നത്. ഡിജിറ്റൽ ലോകത്ത് എല്ലാം നേർരേഖയിലായതിനാൽ, സ്വാഭാവിക ശബ്ദം ഉപയോഗിച്ചാൽ അത് പാട്ടിന് പുറത്തുനിൽക്കുന്നതായി തോന്നാൻ സാധ്യതയുണ്ട്.

ഓട്ടോ ട്യൂണിന്റെ യഥാർത്ഥ ഉപയോഗം മികച്ചൊരു ഗായകന്റെ പ്രകടനത്തെ കൂടുതൽ മനോഹരമാക്കുക എന്നതാണെന്നും അല്ലാതെ പാടാൻ കഴിവില്ലാത്ത ഒരാളെ ഗായകനാക്കി മാറ്റുകയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥ പ്രതിഭകൾക്ക് തങ്ങളുടെ പ്രകടനത്തെ 99 ശതമാനത്തിൽ നിന്നും 100 ശതമാനത്തിലേക്ക് എത്തിക്കാനുള്ള ഒരു പാലം മാത്രമായിരിക്കണം ഓട്ടോ ട്യൂൺ. ഓട്ടോ ട്യൂണിനെക്കുറിച്ച് പലരും മോശം കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും, "സംഭവിച്ചതെല്ലാം നല്ലതിനാണ്" എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

തങ്ങൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ചും അദ്ദേഹം അഭിമാനത്തോടെ സംസാരിച്ചു. മുൻപ് ഓട്ടോ ട്യൂൺ ഇല്ലാത്ത കാലത്ത് കഠിനമായി പരിശീലനം നടത്താൻ സാധിക്കുന്നത് തങ്ങളുടെ ഭാഗ്യമാണെന്നും അതിനാൽ തങ്ങൾക്ക് ഇതിന്റെ ആവശ്യമില്ലെന്നും സോനു നിഗം പറയുന്നു. എങ്കിലും ചില പാട്ടുകളിൽ ഇത് ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അഭിനേതാക്കൾ പാടുമ്പോൾ ശ്രുതിയിൽ തിരുത്തലുകൾ വരുത്തുന്നതുകൊണ്ട് കുഴപ്പമില്ലെങ്കിലും, അവർക്ക് ഒരിക്കലും യഥാർത്ഥ ഗായകർക്ക് പകരമാവാൻ സാധിക്കില്ലെന്ന് 53-കാരനായ താരം ഓർമ്മിപ്പിക്കുന്നു.

സാങ്കേതികവിദ്യ ഒരു സഹായം മാത്രമാണെന്നും അത് ഗായകന്റെ പ്രതിഭയ്ക്ക് പകരമാവില്ലെന്നും സോനു നിഗം വ്യക്തമാക്കുന്നു. ഓട്ടോ ട്യൂണിന്റെ അമിത ഉപയോഗം മൂലം കഴിവ് കുറഞ്ഞ ഗായകർ പോലും മനോഹരമായി പാടുന്നതായി തോന്നിപ്പിക്കുകയും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ച നടക്കുന്നത്. അടുത്തിടെ രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത 'ബട്വാര 1947' എന്ന ചിത്രത്തിലെ എ.ആർ. റഹ്മാൻ സംഗീതം നൽകിയ 'തബസ്സും' എന്ന ഗാനത്തിന് സോനു നിഗം ശബ്ദം നൽകിയിരുന്നു.