പനാജി: ലോക സിനിമയുടെ വൈവിധ്യമാർന്ന കാഴ്ചകളുമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 57-ാമത് പതിപ്പ് എത്തുകയാണ്. 2026 നവംബർ 20 മുതൽ 28-വരെ ഗോവയിലെ വിവിധ വേദികളിലായി അരങ്ങേറുന്ന മേളയിൽ, 'ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ' (Films from BRICS) എന്ന പ്രത്യേക വിഭാഗം പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. ജനാധിപത്യം, സ്വാതന്ത്ര്യം, സ്വത്വം, ചരിത്രപരമായ പോരാട്ടങ്ങൾ, സമകാലിക ആഗോള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന 21 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 86 രാജ്യങ്ങളിൽനിന്നുള്ള 150-ലേറെ അന്താരാഷ്ട്ര ചിത്രങ്ങൾ അണിനിരക്കുന്ന മേളയിൽ, ബ്രിക്‌സ് സിനിമാ പാക്കേജ് സാംസ്‌കാരിക വൈവിധ്യത്തിന്റെയും കാഴ്ചകളുടെയും വേറിട്ടൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറക്കും.

To advertise here,

ചരിത്രത്തിലെ വഴിത്തിരിവുകളെയും സാമൂഹിക മാറ്റങ്ങളെയും അടയാളപ്പെടുത്തുന്ന സിനിമകൾ ബ്രിക്‌സ് പാക്കേജിന്റെ പ്രധാന സവിശേഷതയാണ്. രൺബീർ കപൂർ നായകനായെത്തിയ നിതേഷ് തിവാരിയുടെ 'രാമായണം' ആണ് ബ്രിക്‌സ് പാക്കേജിലെ ഉദ്ഘാടന ചിത്രം.

1830-കളിലെ ബ്രസീലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'അമാഡിയോ ആൻഡ് ദി ഹൈപ്പോതെറ്റിക്കൽ ന്യൂ വേൾഡ്' എന്ന ബ്രസീലിയൻ ചിത്രം ഒരു ആഫ്രിക്കൻ ഗവേഷകന്റെ ജീവിതത്തിലൂടെ അടിമത്തത്തിൽ നിന്നുള്ള വിമോചന പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. 1998-ൽ ഇൻഡൊനീഷ്യയിലെ ജനകീയ പ്രക്ഷോഭകാലത്ത് കാണാതായ ഒരു വിദ്യാർഥി പ്രക്ഷോഭകന്റെ കഥ പറയുന്ന 'ദി സീ സ്പീക്‌സ് ഹിസ് നെയിം' എന്ന ചിത്രവും ഈ വിഭാഗത്തിലുണ്ട്. കാണാതായ മകനെ തിരയുന്ന കുടുംബത്തിന്റെ വേദനയിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയചരിത്രം ചിത്രം വരച്ചുകാട്ടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കലഹാരി മരുഭൂമിയിലൂടെയുള്ള ദീർഘയാത്രയുടെ പശ്ചാത്തലത്തിൽ കൊളോണിയൽ അധിനിവേശത്തിന്റെ ക്രൂരത തുറന്നുകാട്ടുന്ന ദക്ഷിണാഫ്രിക്കൻ ചിത്രം 'ദി ട്രെക്ക്' മേളയിലെ മറ്റൊരു ശ്രദ്ധേയമായ സാന്നിധ്യമാണ്.

ആഗോളതലത്തിൽ മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളും സാമൂഹിക യാഥാർഥ്യങ്ങളും ചിത്രീകരിക്കുന്ന സിനിമകൾ ബ്രിക്‌സ് പാക്കേജിലുണ്ട്. യുഗാണ്ടയും ബ്രിട്ടനും സംയുക്തമായി നിർമിച്ച 'ഡ്രീമിങ് ഓഫ് സെറെനാഡ' എന്ന ഡോക്യുമെന്ററി, മഴക്കാടുകളിലെ വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.

എത്യോപ്യ-യു.എസ്. സംയുക്ത സംരംഭമായ 'ഫായാ ദായി' എന്ന ചിത്രം ഖാറ്റ് കൃഷിയും അതിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥയിലേക്കും അവരുടെ പ്രതീക്ഷകളിലേക്കും വെളിച്ചം വീശുന്നതാണ്. ഇറാഖിൽ നിന്നുള്ള ഒരു അഭയാർഥി ബാലൻ, കാണാതായ തന്റെ കൂട്ടുകാരനെ തിരഞ്ഞിറങ്ങുന്നതിനിടെ സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കുന്ന കഥ പറയുന്ന ഇറാന്റെ 'പൗൾട്രി ഫാം' എന്ന ചിത്രവും സമകാലിക വിഷയങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്.

ഹിജ്‌റ (സൗദി അറേബ്യ)

ഒരു പെൺകുട്ടിയും മുത്തശ്ശിയും ചേർന്ന് കാണാതായ സഹോദരിയെ തിരഞ്ഞിറങ്ങുന്ന യാത്രയിലൂടെ കുടുംബത്തിലെ രഹസ്യങ്ങളും ജനറേഷൻ ഗ്യാപ്പും ചിത്രം തുറന്നുകാട്ടുന്നു.

എംബേഴ്‌സ് (ചൈന)

മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ചിതാഭസ്മം മാറിപ്പോകുന്ന അപ്രതീക്ഷിത സംഭവത്തിലൂടെ കുറ്റബോധത്തെയും മരണത്തെയും മുഖാമുഖം കാണുന്ന രണ്ട് സ്ത്രീകളുടെ അനുഭവം വരച്ചുകാട്ടുന്നതാണ് ഈ ചിത്രം.

ദി കോണ്ടോർ ഡോട്ടർ (ബൊളീവിയ, പെറു)

പരമ്പരാഗത ആൻഡിയൻ സംഗീത പാരമ്പര്യവും കലാകാരിയാകാനുള്ള സ്വന്തം സ്വപ്‌നവും തമ്മിൽ പൊരുത്തപ്പെടാൻ പാടുപെടുന്ന ഒരു ഗോത്രവർഗ യുവതിയുടെ കഥ.

ലേഡി (നൈജീരിയ, യുകെ)

ലാഗോസിലെ ഒരു വനിതാ ടാക്‌സി ഡ്രൈവർ ഏതാനും ലൈംഗികത്തൊഴിലാളികളെ കണ്ടുമുട്ടുന്നതിലൂടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം ചർച്ചചെയ്യുന്നത്.

മേളയിലെ ബ്രിക്‌സ് പാക്കേജിൽ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമായി നിർമിക്കപ്പെട്ട 21 ചിത്രങ്ങളുണ്ട്. അതിരുകൾ കടന്ന് മനുഷ്യാനുഭവങ്ങളെയും അതിജീവനത്തെയും ആവിഷ്‌കരിക്കുന്ന ഈ 21 ബ്രിക്‌സ് സിനിമകൾ, അന്താരാഷ്ട്രതലത്തിൽ സാംസ്‌കാരിക വിനിമയത്തിനും മികച്ച സിനിമാനുഭവത്തിനും വലിയൊരു വേദിയാകുമെന്ന കാര്യത്തിൽ സംശയമില്ല.