പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്. വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്. 'തേവർ' എന്ന ചിത്രത്തിന്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിത്. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

To advertise here,

നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറൈസൺ എന്റർടെയ്ൻമെന്റിൻരെ ബാനറിൽ രാജൻ തളിപ്പറമ്പ് (ദോഹ) നിർമിക്കുന്നു. ഹൊറൈസൺ എന്റർടെയ്ൻമെന്റിന്റെ അഞ്ചാമത് ചിത്രം കൂടിയാണ് 'തേവർ'.

മുഴുനീള ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധത്തിലുള്ളതാണ്. ചിത്രം പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്. കേരള- തമിഴ്‌നാട് അതിർത്തി പ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്തസാഹചര്യത്തിൽ ഇവിടെയെത്തുന്ന മൂന്നു ചെറുപ്പക്കാർ. അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവർക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി ഐശ്യര്യാ, പൂജാറാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം: ഓസേപ്പച്ചൻ, ഛായാഗ്രഹണം: എൽദോ ഐസക്, എഡിറ്റിങ്: അയൂബ് ഖാൻ, കലാസംവിധാനം: സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ: ഹംസ ദേശമംഗലം, മേക്കപ്പ്: മഹേഷ് ചേർത്തല, കോസ്റ്റ്യൂം ഡിസൈൻ: സുകേഷ് താനൂർ, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: ബിനു കുമാർ എസ്, കോറിയോഗ്രാഫി: ശാന്തി കുമാർ, ആക്ഷൻ: ബ്രുസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ: വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ: മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ്: ഷിബി ധിവദാസ്, പ്രൊഡക്ഷൻ മാനേജർ: അരുൺ കെ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, പി.ആർ.ഒ: വാഴൂർ ജോസ്.