ബെം​ഗളൂരുവിൽ മയക്കമരുന്ന് കേസിൽ അറസ്റ്റിലായ നടനും ഡിജെയുമായ സിദ്ധാന്ത് വീണ്ടും വിവാ​ദത്തിൽ. ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ചുപോകവേ വിമാനത്തിൽ വെച്ചെടുത്ത ഒരു ചിത്രമാണ് സിദ്ധാന്തിനെ വാർത്തകളിൽ നിറയ്ക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രം  അധികം താമസിയാതെ തന്നെ അപ്രത്യക്ഷമായത് ചോദ്യങ്ങൾ ഉയർത്തുകയാണ്.

To advertise here,

ഒരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ഈ ചിത്രമിപ്പോൾ പല സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപിക്കുകയാണ്. മാസ്കുപയോ​ഗിച്ച് മുഖം മറച്ച നിലയിലാണ് ചിത്രത്തിൽ ഇരുവരും. ഹാർട്ട്, കൂപ്പിയ കൈ, ഈവിൾ-ഐ തുടങ്ങിയ ഇമോജികളും ചിത്രത്തിൽ കാണാം. അറസ്റ്റിന് ശേഷം സിദ്ധാന്ത് ആദ്യമായി ചെയ്ത സാമൂഹിക മാധ്യമ പോസ്റ്റായിരുന്നു ഇത്.

രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഡി.ജെ. പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിൽ നടനും സിനിമാപ്രവർത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാർട്ടിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ സിദ്ധാന്ത് അടക്കം ആറുപേർ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത്.