പാ. രഞ്ജിത്ത്‌ സംവിധാനം ചെയ്ത്‌, നീലം പ്രൊഡക്ഷൻസും ലേൺ ആൻഡ്‌ ടിച്ച്‌ പ്രൊഡക്ഷനും ചേർന്ന്‌ നിർമിക്കുന്ന 'വേട്ടുവം' 2027-ലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ്‌ ചെയ്യുമെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ധർമ്മൻ, 'സേയൻ' എന്നീ ചിത്രങ്ങളും പൊങ്കൽ അവധിക്കാലത്ത്‌ എത്തുമെന്ന്‌ റിപ്പോർട്ടുകളുണ്ടെങ്കിലും, ഇരു ചിത്രങ്ങളുടെയും റിലീസ്‌ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

To advertise here,

2027-ലെ പൊങ്കൽ റിലീസ്‌ ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ആദ്യ ചിത്രമായി 'വേട്ടുവം' മാറിയിരിക്കുകയാണ്‌. അടുത്തിടെ പുറത്തിറങ്ങിയ 'വേൾഡ്‌ ഓഫ്‌ വേട്ടുവം' വീഡിയോയ്ക്ക്‌ പ്രേക്ഷകരിൽനിന്നും സിനിമാ ലോകത്തുനിന്നും വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. തമിഴ്‌, ഹിന്ദി, തെലുങ്ക്‌, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഹിന്ദിയിൽ പങ്കജ്‌ ത്രിപാഠി, തെലുങ്കിൽ റാണ ദഗ്ലുബാട്ടി, മലയാളത്തിൽ സൗബിൻ ഷാഹിർ, കന്നഡയിൽ കിച്ച സുദീപ്‌, തമിഴിൽ പാ. രഞ്ജിത്ത്‌ എന്നിവർ അണിനിരന്നു. അപ്പോക്കലിപ്റ്റിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങളും ശത്രുതകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ്‌ പ്രമേയമാക്കുന്നത്‌.

അടിയമുറൈ, മാൽക്കം തുടങ്ങിയ പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയാണ്‌ ആക്ഷൻ രംഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്‌. ആക്ഷൻ രംഗങ്ങൾക്കായി അഭിനേതാക്കൾ പ്രത്യേക പരിശീലനം നേടിയിരുന്നു. ചിത്രത്തിൽ ആര്യ, ദിനേശ്‌, ഷബീർ, ശോഭിത ധൂളിപാല, കലെെരസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആർട്ട്‌ ഡയറക്ടറായി എസ്‌.എസ്‌. മൂർത്തി, ഛായാഗ്രാഹകനായി രൂപേഷ്‌ ഷാജി, എഡിറ്ററായി സെൽവ ആർ.കെ, സംഗീത സംവിധായകനായി ജി.വി. പ്രകാശ്‌ കുമാർ, സ്റ്റണ്ട്‌ ഡയറക്ടറായി ദിലീപ്‌ സുബ്ബരായൻ എന്നിവർ പ്രവർത്തിക്കുന്നു. അഞ്ച്‌ ഭാഷകളിൽ പാൻ- ഇന്ത്യൻ ചിത്രമായി നിർമിച്ച 'വേട്ടുവം' 2027 പൊങ്കൽ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ്‌ ചെയ്യും.