ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ സിനിമാ റഫറൻസിൽ പരിഹാസവുമായി ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി കരുണാനിധി എം.പി. വിജയ്‌യുടെ 'തെരി' എന്ന സിനിമയിലെ രംഗം ഓർമിപ്പിച്ചായിരുന്നു പരിഹാസം. സിനിമയിലേതുപോലെ, സ്ത്രീകൾക്കെതിരെ മോശമായി പെരുമാറുന്നവരെ മുഖ്യമന്ത്രി പാലത്തിൽ തലകീഴായി കെട്ടിത്തൂക്കാൻ തീരുമാനിച്ചാൽ ആദ്യം ശിക്ഷിക്കപ്പെടുക ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിലെ നേതാക്കൾ ആയിരിക്കും എന്നായിരുന്നു കനിമൊഴിയുടെ പരിഹാസം. ചെന്നൈയിൽ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിലായിരുന്നു പരിഹാസം.

To advertise here,

'ഒരു സിനിമ, ഏതാണെന്ന് എനിക്ക് അറിയില്ല. വിജയ് അഭിനയിച്ചിരുന്ന കാലത്ത് പുറത്തിറങ്ങിയതാണ്. ഞാൻ അദ്ദേഹത്തിന്റെ അധികം സിനിമകൾ കണ്ടിട്ടില്ല. ഇത് ടി.വിയിൽ കണ്ടതാണ്', എന്ന മുഖവുരയോടെയാണ് കനിമൊഴി ആരംഭിച്ചത്.

'ഏതോ ഒരാൾ സ്ത്രീയോട് മോശമായി പെരുമാറി. അവനെ തേടിപ്പിടിച്ച് മർദിച്ച് ഒരു പാലത്തിന്റെ അടിയിൽ തലകീഴായി കെട്ടിത്തൂക്കി'. കനിമൊഴി ഇത്രയും പറഞ്ഞപ്പോൾ, അണികൾക്കിടയിൽനിന്ന് ആരോ ചിത്രത്തിന്റെ പേര് വിളിച്ചുകൂവി. 'ഏത് സിനിമ, തെരിയോ? ശരി', മറുപടി നൽകിയ ശേഷം കനിമൊഴി പ്രസംഗം തുടർന്നു.

'അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ, ഇത്തരക്കാരെ അതുപോലെ 'തെറിക്കവിടും' എന്ന് ഞാൻ കരുതി. ഇന്ന് അദ്ദേഹം, സ്ത്രീകൾക്കെതിരായി അതിക്രമം നടത്തുന്നവരെയും ലൈംഗികമായി പീഡിപ്പിക്കുന്നവരെയും ഏതെങ്കിലും പാലത്തിനടിയിൽ കെട്ടിത്തൂക്കാം എന്ന് കരുതിയാൽ ആദ്യം അവരുടെ പാർട്ടിക്കാരെ തന്നെ കെട്ടിത്തൂക്കണം', കനിമൊഴി പറഞ്ഞു.

പാലം തികയാതെ വരുമെന്ന് ആൾക്കൂട്ടത്തിനിടയിൽനിന്ന് വീണ്ടും കമന്റ് വന്നു. 'അതൊന്നും പ്രശ്‌നമില്ല, നമ്മുടെ നേതാവ് ഒരുപാട് പാലങ്ങൾ നിർമിച്ചിട്ടുണ്ട്', എന്നായിരുന്നു ഇതിന് കനിമൊഴിയുടെ മറുപടി.