നിവിൻ പോളി നായകനായ സർവം മായ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് സംവിധായകൻ അഖിൽ സത്യനും നായികയായ റിയ ഷിബുവും. പ്രതീക്ഷിച്ച വിജയം യാഥാർത്ഥ്യമായെന്ന് അഖിൽ സത്യൻ പറഞ്ഞു. നായികയുടേതായ ഭാരമൊന്നുമില്ലാത്ത, വീട്ടിലെ ഒരംഗത്തെപ്പോലെയാണ് റിയ. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ ചെയ്യാൻ സമ്മതിച്ചുവെന്നും അഖിൽ സത്യൻ പറഞ്ഞു. ഡെലൂലു എന്നത് ഒരു പുതിയ കഥാപാത്രമാണല്ലോ എന്ന് തോന്നിയതായി റിയ പറഞ്ഞു. ചിത്രം കഴിഞ്ഞപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. അഖിൽ സത്യന്റെ നേതൃപാടവമാണ് മറ്റുള്ളവരും സന്തോഷത്തോടെയിരിക്കാൻ കാരണമെന്നും റിയ ഷിബു കൂട്ടിച്ചേർത്തു. ദുബായിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

To advertise here,

സർവം മായ എന്ന ചിത്രത്തിന്റെ വിജയനിമിഷം താൻ ആസ്വദിക്കുന്നുണ്ടെന്ന് അഖിൽ സത്യൻ പറഞ്ഞു. പ്രതീക്ഷിച്ച വിജയം യാഥാർഥ്യമായി. തിരക്കഥ എഴുതുന്നതിനാണ് സമയമെടുത്തിട്ടുള്ളത്. ആറുമാസം കൊണ്ട് ഷൂട്ടിങ് തീർത്ത് പടം റിലീസ് ചെയ്യാൻ സാധിച്ചു. നിവിൻ സിനിമ ചെയ്യാമെന്ന് ഏറ്റതോടെയാണ് ധൈര്യം വന്നത്. അടുത്തകാലത്ത് വന്നിട്ടുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു കുടുംബചിത്രമാണിത്. ഞാനടക്കമുള്ളവർ കണ്ട് വളർന്നിട്ടുള്ളത് അത്തരം ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങൾ തിയേറ്ററുകളിലേക്കെത്തുന്നു എന്നത് വലിയൊരു സൂചനയാണ്. അജു വർഗീസിനെ ആ വേഷത്തിലേക്ക് നിർദേശിച്ചത് നിവിനാണ്. നിവിനും അജുവിന്റെ തിരിച്ചുവരവ് കുറേനാളായി ആഗ്രഹിച്ചിരുന്നതാണ്. അജുവുംകൂടി കാസ്റ്റിങ്ങിലേക്ക് വന്നതോടെ വളരെ സന്തോഷമായെന്നും അദ്ദേഹം പറഞ്ഞു.

"ഈ സിനിമയിലെ റിയയുടെ കഥാപാത്രത്തെ തീയേറ്ററിൽ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നുന്ന പുതുമ കളയാതിരിക്കാനാണ് ശ്രമിച്ചത്. തീയേറ്ററിൽ അതിന്റെ പൂർണത കിട്ടാനാണ് റിയയുടെ പേര് ഒരിടത്തും പരാമർശിക്കാതിരുന്നത്. അതിന്റെ ഗുണമുണ്ടായെന്നാണ് തോന്നുന്നത്. മുറ എന്ന ചിത്രം റിയയാണ് നിർമിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവ് എന്ന നിലയിൽ റിയയുടെ ഒരു അഭിമുഖം കാണാനിടയായി. ഞാൻ എഴുതിയ നായികയുടെ അതേ രൂപമായിരുന്നു റിയയ്ക്ക്. പിന്നെ ഇൻസ്റ്റാഗ്രാം നോക്കിയപ്പോൾ നന്നായി ഹ്യൂമർ ചെയ്യാൻപറ്റുമെന്ന് മനസിലായി. നല്ല മിടുക്കിയാണ്. ആവശ്യപ്പെട്ടപ്പോൾത്തന്നെ സിനിമ ചെയ്യാമെന്ന് പറഞ്ഞു. പുറത്തുവളർന്ന ഒരു കുട്ടിക്ക് മലയാളം വായിക്കാനറിയാം എന്നുപറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് റിയ. നായികയുടേതായ ഭാരമൊന്നുമില്ല. വാ എന്നുപറഞ്ഞാൽ വരും, പോ എന്നുപറഞ്ഞാൽ പോകും." അഖിൽ സത്യൻ കൂട്ടിച്ചേർത്തു.

ഇങ്ങനെയൊരു കഥാപാത്രം വളരെ എക്സൈറ്റ്മെന്റോടെയാണ് ചെയ്തതെന്ന് റിയ ഷിബു പറഞ്ഞു. "ഇതൊരു പുതിയ കഥാപാത്രമാണല്ലോ എന്ന് തോന്നി. പ്രേതം എന്ന് കേട്ടപ്പോൾ പേടിപ്പിക്കുന്ന ഡീയസ് ഈറെയൊക്കെ ഓർമവന്നു. പക്ഷേ ഇതൊരു റിയലിസ്റ്റിക് ആയ സമീപനമാണ്. എന്റെ കഥാപാത്രത്തെ സർപ്രൈസ് ആയി വെച്ചിരിക്കുകയായിരുന്നു. വീര ധീര സൂരൻ ആണ് ഒടുവിൽ നിർമിച്ച ചിത്രം. ഡയലോഗ് തെറ്റുമോ എന്നുള്ള പേടിയൊന്നും വേണ്ടെന്ന് അഖിൽ ചേട്ടൻ പറഞ്ഞിരുന്നു. അഭിനയിക്കുമ്പോൾ അതിൽ ശ്രദ്ധ കൊടുക്കണം. എല്ലാവരും ഹാപ്പിയായിരുന്നുവെന്നാണ് പ്രൊഡക്ഷൻ സൈഡിൽനിന്ന് മനസിലായത്. അഖിൽ ചേട്ടൻ ക്യാപ്റ്റനായി ചിരിച്ച് ഇരുന്നതാണ് നമ്മളും ഹാപ്പിയായിട്ടിരിക്കാൻ കാരണം." റിയ വ്യക്തമാക്കി.