2014ൽ ‘മേരി കോം' എന്ന ഹിന്ദി ചിത്രത്തിൽ ഫോളി റെക്കോർഡിസ്റ്റ് ആയിട്ടാണ് ഷിജിൽ പി. നായർ കരിയർ ആരംഭിക്കുന്നത്. ശേഷം മിക്സിംഗ് എൻജിനീയർ ദേബാജിത് ചങ്മയ്ക്ക് കീഴിൽ ‘എബിസിഡി 2’വിൽ അസിസ്റ്റന്റ് മിക്സിംഗ് എഞ്ചിനീയറായി തുടക്കം കുറിച്ചു.
പിന്നീട് മിക്സിങ് എഞ്ചിനീയർ ജസ്റ്റിൻ ജോസിനൊപ്പം ചേർന്നു. അദ്ദേഹത്തോടൊപ്പം ചെയ്ത ആദ്യ സിനിമ 'കപൂർ ആൻഡ് സൺസ്' (Kapoor & Sons) ആയിരുന്നു. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച കാലയളവിലാണ് മിക്സിംഗിന്റെ സൂക്ഷ്മമായ കാര്യങ്ങൾ കൂടുതൽ പഠിച്ചത്. അതിനുശേഷമാണ് ഷിജിൽ സ്വതന്ത്രമായി സിനിമകൾ ചെയ്യാൻ തുടങ്ങിയത്. വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ ഷിജിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിജിൽ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ നിന്ന്.
'സർവ്വം മായ' താങ്കൾ മലയാളത്തിൽ ചെയ്യുന്ന ആദ്യ സിനിമയാണോ?
മലയാളത്തിൽ സ്വതന്ത്രമായി റീ-റെക്കോർഡിംഗ് മിക്‌സറായി ഞാൻ ചെയ്യുന്ന ആദ്യ ചിത്രമാണ് 'സർവ്വം മായ'. ഇതിനു മുൻപ് പല മലയാള ചിത്രങ്ങളിലും അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇൻഡിപെൻഡന്റ് ആയി ചെയ്യുന്ന ആദ്യ ചിത്രം ഇതാണ്.
'സർവ്വം മായ' ഇപ്പോൾ മികച്ച രീതിയിൽ പ്രദർശനം തുടരുകയാണല്ലോ. ഈ പ്രോജക്റ്റിലേക്ക് താങ്കൾ എങ്ങനെയാണ് എത്തുന്നത്?
സിനിമയുടെ സൗണ്ട് ഡിസൈനർ അനിൽ രാധാകൃഷ്ണൻ വഴിയാണ് ഞാൻ ഈ പ്രൊജക്റ്റിലേക്ക് എത്തുന്നത്. ഞങ്ങൾ ഇതിന് മുൻപ് ‘ഉഡ്താ പഞ്ചാബ്’ൽ (Udta Punjab) വർക്ക് ചെയ്തിരുന്നു.
ആദ്യ മലയാള ചിത്രമായി 'സർവ്വം മായ' തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ആദ്യ മലയാള ചിത്രമെന്ന നിലയ്ക്ക് നല്ലൊരു സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹം. ഈ പ്രോജക്ടിന്റെ ഫസ്റ്റ് കട്ട് വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി.
രണ്ട്, ‘സർവ്വം മായ' പൂർണമായും ഒരു സിങ്ക് സൗണ്ട് (Sync Sound) സിനിമയാണ്. അതിനാൽ ഇതിന്റെ ഭാഗമാകാൻ എനിക്ക് താല്പര്യമേറി. കാരണം ഞാൻ കൂടുതലും പ്രവർത്തിച്ചിട്ടുള്ളത് സിങ്ക് സൗണ്ട് സിനിമകൾക്ക് വേണ്ടിയാണ്. മാതൃഭാഷയിലെ ആദ്യ ചിത്രമെന്ന നിലയിൽ സർവ്വം മായ എന്നും എനിക്ക് സ്‌പെഷ്യൽ ആയിരിക്കും.
'റീ-റെക്കോർഡിംഗ് മിക്‌സർ' എന്നത് മലയാളികൾക്ക് അത്ര പരിചിതമായ ഒരു പദമല്ല. സൗണ്ട് ഡിസൈനിങ്ങിനെക്കുറിച്ച് ആളുകൾ ഇപ്പോൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. സിനിമയുടെ പ്രൊഡക്ഷൻ മുതൽ റിലീസ് വരെയുള്ള സമയത്ത് ഈ ഡിപ്പാർട്ട്‌മെന്റിന്റെ കൃത്യമായ ജോലി എന്താണെന്ന് വിശദീകരിക്കാമോ?
തീർച്ചയായും. സൗണ്ട് ഡിപ്പാർട്ട്‌മെന്റിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. പ്രൊഡക്ഷൻ മിക്‌സർ/സൗണ്ട് മിക്സർ, സൗണ്ട് ഡിസൈനിംഗ്, റീ-റെക്കോർഡിംഗ് മിക്‌സിങ്.
പ്രൊഡക്ഷൻ മിക്‌സർ/സൗണ്ട് മിക്സർ: ഇത് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തുള്ള പ്രക്രിയയാണ്. സിങ്ക് സൗണ്ട് സിനിമകളിൽ ലൊക്കേഷനിൽ വെച്ച് തന്നെ ഡയലോഗുകൾ റെക്കോർഡ് ചെയ്യുന്നത് ഇവരാണ്.
സൗണ്ട് ഡിസൈനിംഗ്: സിനിമയ്ക്ക് ആവശ്യമായ ശബ്ദലോകം (Soundscape) ക്രിയേറ്റീവ് ആയി നിർമ്മിക്കുന്നത് സൗണ്ട് ഡിസൈനറാണ്.
റീ-റെക്കോർഡിംഗ് മിക്‌സർ: സൗണ്ടിന്റെ അവസാന ഘട്ടമാണ് റീ-റെക്കോർഡിംഗ് മിക്‌സിങ്. ഇതിനെ 'ഫൈനൽ മിക്‌സിംഗ്' എന്നും പറയാം.
ഡയലോഗ്, സൗണ്ട് എഫക്ട്സ്, ബിജിഎം, ഗാനങ്ങൾ എന്നിവയെല്ലാം കൃത്യമായ ബാലൻസിൽ തീയേറ്ററിൽ എത്തിക്കുക എന്നതാണ് മിക്‌സിംഗ് എൻജിനീയറുടെ ജോലി.
സൗണ്ട് ഡിസൈനിങ്ങിന്റെ ബാക്കി ജോലികളെല്ലാം കഴിഞ്ഞ് സിനിമ മിക്‌സിംഗ് ടേബിളിലേക്ക് എത്തിയാൽ ഈ പ്രോസസ് പൂർത്തിയാക്കാൻ ഏകദേശം എത്ര സമയം എടുക്കും? സിനിമയുടെ സ്കെയിലിന് അനുസരിച്ച് ഇതിൽ മാറ്റം വരുമോ?
അത് ഓരോ പ്രോജക്റ്റിനെയും ആശ്രയിച്ചിരിക്കും. ഞാൻ വർക്ക് ചെയ്ത 'ജവാൻ', 'ബ്രഹ്മാസ്ത്ര' തുടങ്ങിയ സിനിമകൾക്ക് വേണ്ടി രണ്ട് മുതൽ മൂന്ന് മാസം വരെയാണ് ഞങ്ങൾ ചെലവഴിച്ചത്. ഒന്നര മാസത്തിലധികം എടുത്താണ് 'സർവ്വം മായ'യുടെ മിക്‌സിംഗ് പൂർത്തിയാക്കിയത്.
'സർവ്വം മായ'യിൽ വർക്ക് ചെയ്തപ്പോൾ മിക്സിംഗിന്റെ കാര്യത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതോ ബുദ്ധിമുട്ടിച്ചതോ ആയ സീക്വൻസ് ഏതാണ്?
കാണുന്നവർക്ക് വളരെ ലളിതമായി തോന്നുമെങ്കിലും എനിക്ക് ഏറ്റവും വെല്ലുവിളിയായി തോന്നിയത് രണ്ട് ഇമോഷണൽ സീനുകളാണ്. നിവിൻ പോളിയുടെ കഥാപാത്രം തന്റെ അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും സംസാരിക്കുന്ന രണ്ട് സീക്വൻസുകളാണവ. അത്തരം സീനുകളിൽ ഡയലോഗ് മാത്രം വെച്ചാൽ ചിലപ്പോൾ ഇമോഷൻ പൂർണമായി കിട്ടില്ല, എന്നാൽ, സംഗീതം അല്പം കൂടിപ്പോയാൽ പ്രേക്ഷകരുടെ ശ്രദ്ധ മ്യൂസിക്കിലേക്ക് മാറിപ്പോകുകയും ചെയ്യും. ആ രണ്ടിനും ഇടയിലുള്ള കൃത്യമായ ബാലൻസ് കണ്ടെത്തുക എന്നത് വലിയൊരു ടാസ്ക് ആയിരുന്നു. ഈ സിനിമയുടെ ഇമോഷൻ വർക്ക് ആയില്ലെങ്കിൽ സിനിമയുടെ ആകെത്തുകയെ തന്നെ അത് ബാധിക്കുമായിരുന്നു.
നിവിൻ പോളിയുടെ ആ പ്രകടനം സിങ്ക് സൗണ്ട് ആയതുകൊണ്ട് കൂടുതൽ ഗുണകരമായോ?
തീർച്ചയായും. ആ സീനുകൾ മിക്കതും ഒറ്റ ടേക്കിൽ എടുത്തവയായിരുന്നു. സിങ്ക് സൗണ്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആ ഒരു നാച്ചുറൽ ഇമോഷൻ നമുക്ക് ലൊക്കേഷനിൽ നിന്ന് തന്നെ ലഭിക്കും എന്നതാണ്. ആ സ്പോട്ടിലെ ശ്വാസവ്യതിയാനം പോലും സിനിമയ്ക്ക് ഗുണം ചെയ്തു. തീയേറ്ററിൽ ആ സീനുകൾ വന്നപ്പോൾ ഉണ്ടായിരുന്ന 'പിൻഡ്രോപ്പ് സൈലൻസ്' ഒരു മിക്സർ എന്ന നിലയിൽ വലിയ സന്തോഷം നൽകി.
'ചന്ദു ചാമ്പ്യൻ', 'ബ്രഹ്മാസ്ത്ര' പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ സ്വാഭാവികമായും വലിയ പ്രഷർ ഉണ്ടാകുമല്ലോ? റിലീസ് ഡേറ്റ് നേരത്തെ തീരുമാനിച്ച സിനിമകളിൽ തിരക്ക് കൂട്ടി പണിയെടുക്കുമ്പോൾ ക്വാളിറ്റിയിൽ കുറവ് വരാൻ സാധ്യതയില്ലേ? ഇത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
ഷിജിൽ: തീർച്ചയായും, ജോലിയിൽ ധൃതി (Rush) വന്നാൽ അത് ക്വാളിറ്റിയെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ തന്നെയും കൃത്യമായ ടീം വർക്ക് കൊണ്ട് ഒരു പരിധി വരെ ഇതിനൊരു പരിഹാരം കണ്ടെത്താം. എത്രത്തോളം സമയം എടുത്ത് ഫൈൻ ട്യൂണിംഗ് ചെയ്യുന്നുവോ, അത്രത്തോളം മികച്ച ഔട്ട്പുട്ട് ലഭിക്കും. മാക്സിമം ക്വാളിറ്റി കോംപ്രമൈസ് ചെയ്യാതെ തന്നെ ഔട്ട്പുട്ട് നൽകാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്.
'സർവ്വം മായ'യുടെ കാര്യത്തിൽ ഇത്തരം പ്രഷർ അനുഭവപ്പെട്ടിരുന്നോ?
'സർവ്വം മായ'യിൽ എനിക്ക് നല്ല സമയം ലഭിച്ചിരുന്നു എന്നതാണ് സത്യം. സംവിധായകൻ അഖിൽ സത്യൻ, പ്രൊഡക്ഷൻ ടീം എന്നിവരെല്ലാം വലിയ പിന്തുണയാണ് നൽകിയത്. ജോലിയിൽ പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് നല്ലൊരു ഔട്ട്പുട്ട് നൽകാൻ സാധിച്ചതും. എന്റെ ആദ്യ മലയാള സിനിമയിൽ തന്നെ ഇത്രയും നല്ലൊരു അന്തരീക്ഷം ലഭിച്ചത് ഭാഗ്യമായി കരുതുന്നു.
'സർവ്വം മായ' ഒരു ഡബ്ബ് ചെയ്ത സിനിമയാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഇതൊരു സിങ്ക് സൗണ്ട് സിനിമയാണെന്ന് താങ്കൾ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. മിക്സിംഗിൽ ഇതെങ്ങനെയാണ് സാധ്യമാക്കിയത്?
അത് സത്യമാണ്. ഒരുപാട് പേര് കരുതിയിരിക്കുന്നത് ഇത് ഒരു ഡബ്ബ് സിനിമ ആണെന്നാണ്. നടി പ്രീതിയുടെ കഥാപാത്രത്തിന് മാത്രമാണ് ഡബ്ബ് ചെയ്തത്; അവർ തമിഴ് ആയതുകൊണ്ടുള്ള ഭാഷാപരമായ ചെറിയ ബുദ്ധിമുട്ടുകൾ കാരണമായിരുന്നു അത്.
സിങ്ക് സൗണ്ട് സിനിമകളുടെ പ്രീ-മിക്സ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. ലൊക്കേഷനിൽ ഉപയോഗിക്കുന്ന ബൂം മൈക്ക്, ലേപ്പൽ മൈക്ക്, എം.എസ് മൈക്ക് എന്നിവ ബാലൻസ് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. അത്‌പോലെ തന്നെ രണ്ട് വ്യത്യസ്ത ഷോട്ടുകളിൽ നിന്നുള്ള ശബ്ദം മാച്ച് ചെയ്യുമ്പോൾ ടോൺ മാറാതിരിക്കാനും ശ്രദ്ധിക്കണം. അത് കൃത്യമായി ചെയ്തതുകൊണ്ടാണ് പലർക്കും ഇത് ഡബ്ബിംഗ് ആണെന്ന് തോന്നുന്നത്. മികച്ച സിങ്ക് സൗണ്ട് റെക്കോർഡിങ്ങും ഡയലോഗ് ക്ലീനിങ്ങും എനിക്ക് ജോലി എളുപ്പമാക്കി.
മുംബൈയിലെയും കേരളത്തിലെയും വർക്കിംഗ് കൾച്ചറിൽ വ്യത്യാസം തോന്നിയോ?
സത്യത്തിൽ എനിക്ക് വലിയ മാറ്റമൊന്നും തോന്നിയില്ല. കാരണം ഈ സിനിമയുടെ സൗണ്ട് ഡിസൈനർ അനിൽ രാധാകൃഷ്ണൻ, ഡയലോഗ് എഡിറ്റർ പ്രേംശങ്കർ, എഫക്ട്സ് ചെയ്ത ടോബി ജോസ് എന്നിവരെല്ലാം എന്നോടൊപ്പം മുൻപ് മുംബൈയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. മുംബൈയിലെ വർക്കിങ് രീതികൾ തന്നെയാണ് അവരും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് പരിചിതമായ ആ ഒരു വർക്കിംഗ് കൾച്ചറിൽ തന്നെയാണ് ഈ സിനിമയും പൂർത്തിയാക്കിയത്.
വലിയ ക്യാൻവാസിലുള്ള സിനിമകളിൽ പ്രവർത്തിക്കുമ്പോൾ താങ്കളുടെ കരിയറിൽ ഇതുവരെ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ ഒരു സിനിമ എന്ന് എടുത്തു പറയാൻ ഏതെങ്കിലുമുണ്ടോ?
സത്യത്തിൽ, ഓരോ സിനിമയെയും എന്റെ ആദ്യത്തെ സിനിമ എന്ന രീതിയിലാണ് ഞാൻ സമീപിക്കുന്നത്. അതുകൊണ്ട് തന്നെ ആ ഒരു 'പേടി' എല്ലാ സിനിമകളിലും എനിക്കുണ്ട്. അത് ഒരു ചെറിയ സിനിമയായാലും വലിയ പ്രൊജക്റ്റായാലും എന്റെ സമീപനം ഒന്നാണ്. "ഇത് എന്റെ ആദ്യത്തെ സിനിമയാണ്, ഇത് നന്നായി ചെയ്താൽ മാത്രമേ അടുത്ത പ്രൊജക്റ്റ് ലഭിക്കൂ, അല്ലെങ്കിൽ ആളുകൾ എന്നെ ശ്രദ്ധിക്കൂ" എന്നൊരു ചിന്തയോടെയാണ് ഞാൻ ഓരോ പടവും ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഔട്ട്പുട്ട് നൽകാൻ ഞാൻ ശ്രമിക്കുന്നു. അതുകൊണ്ട് ഇന്ന ഒരു പ്രത്യേക സിനിമ എന്ന് മാത്രമായി എടുത്തു പറയാനില്ല.
അപ്പോൾ വലിയ സിനിമകളുടെ ഭാഗമാകുമ്പോൾ അനുഭവപ്പെടുന്ന സമ്മർദത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
വലിയ സിനിമകളാകുമ്പോൾ പ്രൊഡക്ഷനിൽ നിന്നും വലിയ പ്രഷർ ഉണ്ടാകും. നേരത്തെ പറഞ്ഞതുപോലെ ഒരു റിലീസ് തീയതി അവർ നിശ്ചയിച്ചിട്ടുണ്ടാകും, അതിനുള്ളിൽ തന്നെ നമുക്ക് ഔട്ട്പുട്ട് നൽകേണ്ടി വരും. ഇത്തരത്തിലുള്ള വലിയ സമ്മർദങ്ങൾക്കിടയിൽ ഇരുന്ന് സിനിമയ്ക്ക് വേണ്ട 'ക്രിയേറ്റീവ് ഇൻപുട്ട്' (Creative Input) നൽകുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സമ്മർദ്ദത്തിനിടയിലും ക്രിയേറ്റിവിറ്റി നഷ്ടപ്പെടാതെ ജോലി ചെയ്യുക എന്നത് ടഫ് ആയിട്ടുള്ള കാര്യമാണ്.
ദേശീയ പുരസ്കാരത്തിൽ നിന്ന് സൗണ്ട് മിക്സർ, റീ-റെക്കോർഡിങ് മിക്സർ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
സൗണ്ട് എന്നത് ഒരു ടീം വർക്കാണ്. സൗണ്ട് ഡിസൈനർ, പ്രൊഡക്ഷൻ മിക്സർ (സിങ്ക് സൗണ്ട്), റീ-റെക്കോർഡിംഗ് മിക്സർ-ഇവർ മൂന്നുപേരും ഒരേപോലെ അധ്വാനിച്ചാലേ നല്ലൊരു റിസൾട്ട് ഉണ്ടാകൂ. ഓസ്കാറിലൊക്കെ നൽകുന്നത് പോലെ 'ബെസ്റ്റ് സൗണ്ട്' എന്ന പേരിൽ സിനിമയിലെ മുഴുവൻ സൗണ്ട് ടീമിനും അവാർഡ് നൽകുന്ന രീതിയാണ് വരേണ്ടത്.
സ്വദേശം എവിടെയാണ് കുടുംബത്തെക്കുറിച്ച്…?
ഞാൻ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. അവിടെയായിരുന്നു എന്റെ ജനനവും പഠനവും എല്ലാം. പരേതനായ പ്രഭാകരൻ നായരാണ് അച്ഛൻ. അമ്മ വത്സലകുമാരി. എന്റെ സഹോദരൻ ഷിജിത്ത് പി. നായർ ഫിലിം എഡിറ്റർ ആണ്.
ഇനി വരാനിരിക്കുന്ന പ്രോജക്റ്റുകൾ ഏതൊക്കെയാണ്?
ഇപ്പോൾ രണ്ട് സിനിമകളുടെയും ഒരു നെറ്റ്ഫ്ലിക്സ് സീരീസിന്റെയും പണിപ്പുരയിലാണ്.
Published: 07 Jan 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented