നിവിൻ പോളിയെ മോഹൻലാലിനോട് താരതമ്യംചെയ്ത് 'സർവ്വം മായ' സംവിധായകൻ അഖിൽ സത്യൻ. മോഹൻലാൽ കഴിഞ്ഞാൽ ഹാസ്യരംഗങ്ങൾ കൈയടക്കത്തോടെ ചെയ്യാൻ കഴിയുന്ന നായകനടൻ നിവിൻ പോളി മാത്രമാണെന്ന് അഖിൽ അഭിപ്രായപ്പെട്ടു. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനംചെയ്ത 'സർവ്വം മായ' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

To advertise here,

'കുട്ടിത്തമാണ് നിവിന്റെ പ്രത്യേകത. ലാൽ സർ കഴിഞ്ഞാൽ ഞാനത് കണ്ടത് നിവിനിൽ മാത്രമാണ്. മോഹൻലാൽ കഴിഞ്ഞാൽ അങ്ങനെ ഹ്യൂമർ ചെയ്യാൻ നിവിൻ മാത്രമേയുള്ളൂ', ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അഖിൽ സത്യൻ പറഞ്ഞു.

'ഞാൻ എഴുതിവെച്ചതിനേക്കാളും ഒരുപടി മുകളിലാണ് 'സർവം മായ'യിൽ നിവിൻ ചെയ്തുവെച്ചിരിക്കുന്നത്. മീറ്റർ മാറ്റിയിരുന്നു, നിവിൻ ആണ് മീറ്റർ മാറ്റിക്കോട്ടേ എന്ന് ചോദിച്ചത്. ആദ്യഷോട്ടിൽ തന്നെ ഞാൻ അറിയാത്ത പ്രഭേന്ദുവിനെയാണ് നിവിൻ തന്നത്. അതുതന്നെ ചിത്രത്തിലുടനീളം നിവിൻ കൊണ്ടുപോയി', അഖിൽ പറഞ്ഞു.

'നിവിൻ ആണ് ആദ്യമായി എന്നെ സിനിമ ചെയ്യാൻ വിളിക്കുന്ന താരം. നിവിന്റെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉടനേയൊന്നും സിനിമ ചെയ്യില്ലായിരുന്നു. ആ കോളിൽനിന്നാണ് 'പാച്ചു'വിന്റെ കഥാതന്തു ഉണ്ടാവുന്നത്. 'പാച്ചു' എഴുതി പൂർത്തിയാക്കിയത് നിവിന് വേണ്ടിയാണ്. അവസാനനിമിഷമാണ് നായകൻ ഫഹദ് ആയി മാറിയത്', സംവിധായകൻ കൂട്ടിച്ചേർത്തു.