ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും 'മാ ഇന്റി ബംഗാരം' എന്ന ചിത്രത്തിൽ പൂർണ സമർപ്പണത്തോടെയാണ് നടി സാമന്ത റൂത്ത് പ്രഭു അഭിനയിച്ചതെന്ന് വെളിപ്പെടുത്തി സംവിധായിക. ഗർഭിണിയായിരിക്കെയാണ് സാമന്ത ചിത്രത്തിലെ ഒരു ഗാനരംഗത്തിലും കാർ ചേസിങ് സീനിലും അഭിനയിച്ചതെന്ന് സംവിധായിക ബി.വി. നന്ദിനി റെഡ്ഡി വെളിപ്പെടുത്തി.

To advertise here,

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി റെഡ്ഡി ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിലെ 'തസ്സദിയ' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സാമന്ത താൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഭൂരിഭാഗം രംഗങ്ങളും അതിനോടകം തന്നെ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. ഏറെ ചടുലമായ നൃത്തച്ചുവടുകൾ ഉള്ളതായിരുന്നു ഗാനം. കൂടാതെ ഒരു കാർ ചേസിങ് രംഗം കൂടി അപ്പോൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടായിരുന്നു.

ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ അണിയറപ്രവർത്തകർ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. സാമന്തയ്ക്ക് അമിതമായി ആയാസം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വിശ്രമവേളകൾ നൽകിയിരുന്നു. വേനലിലേക്ക് കടക്കുന്ന സമയമായിരുന്നതിനാൽ കടുത്ത വെയിലുള്ള സമയങ്ങളിൽ ചിത്രീകരണം ഒഴിവാക്കി. നടി തളർന്നുപോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെന്നും നന്ദിനി റെഡ്ഡി കൂട്ടിച്ചേർത്തു.

'അവർ എല്ലാ അർഥത്തിലും ഒരു സൂപ്പർസ്റ്റാറാണ്. അവരുടെ പ്രകടനം, ഹ്യൂമർ, ഇമോഷനുകൾ, ആക്ഷൻ, നൃത്തം എല്ലാം ഗംഭീരമാണ്. അവരെ പൂർണ പ്രഭാവത്തോടെ സ്ക്രീനിൽ കാണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. പ്രേക്ഷകർക്ക് അവരോടുള്ള ഇഷ്ടം ചിത്രത്തിന് ഗുണം ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കാണാൻ ചെറിയ ആളാണെങ്കിലും വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവർക്ക് കഴിയും. ചിത്രീകരണ സമയത്ത് ഞങ്ങളെല്ലാവരും ഒരൊറ്റ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്- ഞങ്ങളുടെ നായികയായ സാമന്തയെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുക. എല്ലാവരും അതിനായി ഒന്നിച്ചുനിന്നു, അതുകൊണ്ട് തന്നെ അത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു', നടിയെ സംവിധായിക പ്രശംസിച്ചു.

നടൻ നാഗചൈതന്യയുമായുള്ള വേർപിരിയലിനും വിവാഹമോചനത്തിനും തൊട്ടുപിന്നാലെ സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിക്കുകയും താരം അഭിനയത്തിൽനിന്ന് താത്കാലികമായി വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങിയ 'ശാകുന്തളം', 'ഖുശി' എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടിയില്ല.

2021-നു ശേഷം സാമന്തയ്ക്ക് ബോക്‌സ് ഓഫീസിൽ ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണ് 'മാ ഇന്റി ബംഗാരം'. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന, സ്ത്രീ കേന്ദ്രീകൃതമായ തെലുങ്ക് ചിത്രം എന്ന ബോക്‌സ് ഓഫീസ് റെക്കോർഡും 'മാ ഇന്റി ബംഗാരം' സ്വന്തമാക്കി. 80 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടിയത്. ഇതോടെ 2009-ൽ പുറത്തിറങ്ങി 70 കോടിയോളം രൂപ നേടിയ അനുഷ്‌ക ഷെട്ടിയുടെ ഹൊറർ-ഫാന്റസി ചിത്രം 'അരുന്ധതി'യുടെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡാണ് സാമന്ത ചിത്രം മറികടന്നത്.

സാമന്തയുടെ ബാനറായ 'ട്രലാല മൂവിങ് പിക്‌ചേഴ്‌സ്' നിർമിച്ച ചിത്രം 20 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. തമിഴിലേക്ക് മൊഴിമാറ്റിയും ചിത്രം റിലീസ് ചെയ്തിരുന്നു. ജൂൺ 19-ന് തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ തിയേറ്ററിതര അവകാശങ്ങളിലൂടെ ചിത്രത്തിന്റെ ബജറ്റിന്റെ ഭൂരിഭാഗവും തിരിച്ചുപിടിക്കാൻ നിർമാതാക്കൾക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞവർഷം കോയമ്പത്തൂരിലെ ഈഷാ യോഗ സെന്ററിൽ വെച്ചാണ് സാമന്തയും സംവിധായകനും തിരക്കഥാകൃത്തുമായ രാജ് നിദിമോരുവും വിവാഹിതരായത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ താൻ ഗർഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ച സാമന്ത, ഉടൻ തന്നെ പ്രസവാവധിയിലേക്ക് പ്രവേശിക്കുമെന്നും അറിയിച്ചിരുന്നു.