കോഴിക്കോട്: ‘‘ആരെയും വിഷമിപ്പിക്കാൻ ഇഷ്ടമില്ലായിരുന്നു ഡാഡിക്ക്. ആര്‌ കാണാൻവന്നാലും ഭക്ഷണം കഴിക്കുകയാണെങ്കിൽപ്പോലും കൈകഴുകി എഴുന്നേറ്റുപോകും. പ്രേക്ഷകർ എടുക്കുന്ന രണ്ടും അഞ്ചും രൂപയുടെ ടിക്കറ്റുകളാണ് നടന്മാരെ നിലനിർത്തുന്നതെന്ന് പറയും. പോകുമ്പോൾ അവരുടെ സ്നേഹംമാത്രമേ കൊണ്ടുപോകൂവെന്ന് ബോധ്യമുണ്ടായിരുന്നു...’’ -പറയഞ്ചേരിയിലെ വീട്ടിലിരുന്ന് മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുമ്പോൾ മൂത്തമകൾ ലൈലയുടെ മനസ്സിൽ പിതാവിന്റെ സ്മരണയ്ക്കായി ഒരു സ്മാരകമില്ലല്ലോ എന്ന ദുഃഖമായിരുന്നു. സ്മാരകനിർമാണത്തിന് പദ്ധതികളിടുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് അവർ പലപ്പോഴും പരിഭവം പറഞ്ഞിരുന്നു.

To advertise here,

കാലം പിന്നെയും കടന്നുപോയി. പ്രേംനസീർ മരിച്ചിട്ട് 37 വർഷം പിന്നിട്ടു. പിതാവിനായുള്ള സ്മാരകമെന്ന സ്വപ്നം യാഥാർഥ്യമായിക്കാണാനുള്ള ആഗ്രഹം ബാക്കിയാക്കി ബുധനാഴ്ച രാത്രി, തന്റെ 76-ാം വയസ്സിൽ ലൈലയും ജീവിതത്തിൽനിന്ന് വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രിതന്നെ ജന്മനാടായ തിരുവനന്തപുരത്തേക്ക് മൃതശരീരം കൊണ്ടുപോവുകയുംചെയ്തു.
Also Read: ‘പ്രേംനസീറിനെപ്പോലെ അത്രമേൽ ഭവ്യതയോടെ, തെളിച്ചത്തോടെ സംസാരിക്കുന്ന മനുഷ്യനെ പിന്നെ കണ്ടിട്ടില്ല’

ചിറയിൻകീഴുകാരിയായ ലൈല പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ ഇ.എ. റഷീദിന്റെ പത്നിയായാണ് 50 വർഷം മുൻപ് കോഴിക്കോട്ടെത്തിയത്. മക്കൾക്കും കൊച്ചുമക്കൾക്കും നസീർ സ്നേഹം വാരിക്കോരിക്കൊടുത്തു. അദ്ദേഹം കോഴിക്കോട്ടെത്തുമ്പോഴെല്ലാം പറയഞ്ചേരിയിലെ വീട്ടിലായിരുന്നു താമസം. ചിറയിൻകീഴിലെ നസീറിന്റെ വീടിന്റെ പേരും ‘ലൈല കോട്ടേജ്’ എന്നായിരുന്നു. എന്നാൽ, സിനിമയുമായോ, സിനിമാക്കാരുമായോ വലിയ അടുപ്പം തങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. 2017-ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സുതുറന്നത്.

‘‘ഡാഡിയുടെ സിനിമകളിൽ ഏതൊക്കെ ഞങ്ങൾ കാണണമെന്ന് തീരുമാനിച്ചിരുന്നതും അദ്ദേഹംതന്നെയായിരുന്നു. ഞങ്ങൾ കാണണമെന്ന് തോന്നുന്ന സിനിമ പുറത്തുവന്നാൽ, അദ്ദേഹം വീട്ടിലേക്ക് കത്തെഴുതി അറിയിക്കും. ഞങ്ങൾക്ക് ഏതെങ്കിലും സിനിമ കാണണമെന്ന് തോന്നിയാൽ, അദ്ദേഹത്തിന് എഴുത്തെഴുതി ചോദിക്കണമായിരുന്നു. മറുപടി എത്തുമ്പോഴേക്കും തിയേറ്ററിൽനിന്ന് സിനിമ പോയിക്കാണും...’’

പറയഞ്ചേരിയിലെ വീട്ടിൽ പ്രേംനസീറിന്റേതായിട്ടുള്ളത് ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ്. അതും സിനിമയിലെ രംഗങ്ങളല്ല. താനറിയുകയും അനുഭവിക്കുകയുംചെയ്ത ഡാഡിയുടെ ചായംതേക്കാത്ത പുഞ്ചിരിയുടെ ഓർമ്മയാണ് ലൈലയ്ക്ക് ആ ചിത്രങ്ങൾ.