കോഴിക്കോട്: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാടിന് രണ്ടുവർഷം. 2021 ജനുവരി 20-നായിരുന്നു മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന മുത്തച്ഛൻ വിടവാങ്ങിയത്. 

To advertise here,

75-ാം വയസ്സിൽ യാദൃച്ഛികമായി സിനിമാനടനാവുകയും 98 വയസ്സുവരെ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛനായി അഭിനയരംഗത്ത് തുടരുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. തുറന്നമനസ്സോടെ ജീവിതത്തിൽ ഇടപെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയവുമെന്ന് മരുമകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

എ.കെ.ജി.യെ ഇല്ലത്ത് ഒളിവിൽ പാർപ്പിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് പിണറായി വിജയൻ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്തബന്ധമായിരുന്നെന്നും കൈതപ്രം ഓർത്തു. താങ്കളൊരു തികഞ്ഞ നടനാണെന്ന് പയ്യന്നൂരിൽ വന്നപ്പോൾ അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞിരുന്നു.

ദേശാടനം, രാപകൽ, ഒരാൾമാത്രം, കല്യാണരാമൻ തുടങ്ങിയ സിനിമകൾ കണ്ടവരാരും ഈ മുത്തച്ഛനെ മറക്കില്ല. ഉണ്ണികൃഷ്ണൻ നമ്പൂതിരി ജീവിതത്തിൽ ഒരിക്കലും അഭിനയിച്ചിരുന്നില്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.