സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസത്യാഗ്രഹം തുടരുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മുൻമന്ത്രിയും സി.പി.എം. നേതാവുമായ കെ.കെ. ശൈലജയും. നടി മഞ്ജു വാര്യർക്കെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ കുറിച്ചു. മുൻമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ശിവൻകുട്ടിക്ക് പിന്നാലെയാണ് മഞ്ജുവിനെ പിന്തുണച്ച് കടുത്ത ഭാഷയിൽ സനൽ കുമാർ ശശിധരനെതിരെ ശൈലജയും രംഗത്തെത്തിയത്.

To advertise here,

'മലയാളത്തിന്റെ അഭിമാനമായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ജീവിതത്തിലെ പ്രതിസന്ധികളെ മാതൃകാപരമായി അതിജീവിച്ച ഒരാളെന്ന നിലയിലും മഞ്ജു നിരവധി പേർക്ക് പ്രചോദനമാണ്', ശൈലജ കുറിച്ചു.

'മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണ്. മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതം. ഇത്തരക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു', അവർ കൂട്ടിച്ചേർത്തു.

ALSO READ | ‘മഞ്ജുവിനെതിരെ അരങ്ങേറുന്നത് തരംതാണ കോപ്രായം, അപലപനീയം’; സനൽ കുമാർ ശശിധരനെതിരെ വി. ശിവൻകുട്ടി

സനൽ കുമാർ ശശിധരന്റെ പേര് പറയാതെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. മഞ്ജു വാര്യരെ പിന്തുണച്ച ശിവൻകുട്ടി, നടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ അരങ്ങേറുന്നത് തരംതാണ കോപ്രായങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ എട്ടു ദിവസമായി നിരാഹാര സത്യാഗ്രഹത്തിലാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യർ തടവിലാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. താൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ നടപടി എടുക്കാത്തതിനാലാണ് സത്യാഗ്രഹമെന്ന് സംവിധായകൻ നേരത്തേ പ്രതികരിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ അരികിൽ വെച്ചാണ് നിരാഹാരം.

ALSO READ | സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ, കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

ഇതിന് പിന്നാലെ നടി മഞ്ജു വാര്യർ സംവിധായകനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചു. എന്നാൽ, പരാതിയിലെ ഒപ്പ് നടിയുടേതല്ലെന്നാണ് സംവിധായകന്റെ പ്രതികരണം.

സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ രംഗത്തെത്തിയിരുന്നു. തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടിയെന്നും മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടിയെന്നും ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കുമെന്നും മധു ഫെയ്‌സ്ബുക്കിൽ കുറിച്ചു. കുടുംബസമേതം മഞ്ജുവിനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു മധുവിന്റെ പോസ്റ്റ്.