ചലച്ചിത്ര മേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി തെന്നിന്ത്യൻ സിനിമകളിലൂടെയും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ നടി റെജീന കസാൻഡ്ര. ഷൂട്ടിങ് സെറ്റുകളിലെ സംവിധായകരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ബോളിവുഡിൽ താൻ നേരിട്ട വിവേചനത്തെക്കുറിച്ചുമാണ് ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.

To advertise here,

ഷൂട്ടിങ് സെറ്റുകളിൽ മൈക്കിലൂടെ എല്ലാവരുടെയും മുന്നിൽ വെച്ച് അസഭ്യം പറയുന്ന സംവിധായകർക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്ന് റെജീന പറയുന്നു. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് സംവിധായകൻ മധുർ ഭണ്ഡാർക്കർ എന്ന് താരം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദി വൈവ്‌സിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ പോലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ലെന്നും എപ്പോഴും പോസിറ്റീവായും ഊർജ്ജസ്വലനായും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുമാണ് അദ്ദേഹം പെരുമാറുന്നതെന്നും റെജീന പറഞ്ഞു.

ബോളിവുഡിൽ താൻ ദക്ഷിണേന്ത്യക്കാരിയായതിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് താരം തുറന്നുപറയുന്നു. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തികൾ കൊണ്ടും തരംതാഴ്ത്തുന്ന രീതിയിലുള്ള പെരുമാറ്റം പലരിൽ നിന്നും ഉണ്ടായതായും ഇത് തന്നെ മാനസികമായി ബാധിച്ചിരുന്നതായും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തിൽ തനിക്ക് ചില ആശങ്കകൾ ഉണ്ടായിരുന്നതായും റെജീന കൂട്ടിച്ചേർത്തു.

2005-ൽ കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജീന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഏക് ലഡ്‌കി കോ ദേഖാ തോ ഐസാ ലഗാ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച താരം ഫർസി, റോക്കറ്റ് ബോയ്‌സ് തുടങ്ങിയ ശ്രദ്ധേയമായ ഒടിടി ഷോകളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

സംവിധായകൻ മധുർ ഭണ്ഡാർക്കറുടെ ദി വൈവ്‌സ് എന്ന ചിത്രമാണ് റെജീനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രോജക്റ്റ്.