ഹോളിവുഡ് താരം ആൻ ഹാത്വേ 44-ാം വയസ്സിൽ മൂന്നാമതും അമ്മയായി. ഭർത്താവ് ആദം ഷുൽമാനൊപ്പമുള്ള കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ വിവരം പീപ്പിൾ മാഗസിനോട് അടുത്ത വൃത്തങ്ങളാണ് സ്ഥിരീകരിച്ചത്. ദമ്പതിമാർക്ക് നേരത്തെ രണ്ട് ആൺമക്കളുണ്ട്. ദി ഡെവിൾ വെയേഴ്‌സ് പ്രാഡ 2 എന്ന ചിത്രത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കെയാണ് താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ അംഗം എത്തിയിരിക്കുന്നത്.

To advertise here,

മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം ആൻ ഹാത്വേ ജൂണിലാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഒഴുകിക്കിടക്കുന്ന വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് വയറിനുമേൽ കൈകൾ ചേർത്തുപിടിച്ച് ഫ്രെയിമിലേക്ക് നടന്നുവരുന്ന താരത്തെയാണ് അന്ന് വീഡിയോയിൽ കാണാനായത്. പശ്ചാത്തലത്തിൽ ബാർബറ ലൂയിസിന്റെ 'ബേബി ആം യുവേഴ്‌സ്' എന്ന ഗാനവുമുണ്ടായിരുന്നു.ബേബി, ഞാൻ നിന്റേതാണ്' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.

also read : 'വേർപിരിഞ്ഞിട്ടില്ല, ലിവിങ് ടുഗെതർ മതിയായിരുന്നുവെന്ന് തോന്നാറുണ്ട്'; തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ 

നാലംഗ കുടുംബത്തിൽനിന്ന് അഞ്ചംഗ കുടുംബത്തിലേക്ക്

ഒക്ടോബറിൽ സിബിഎസ് മോണിങ്‌സ് പരിപാടിയിൽ പങ്കെടുത്ത ആൻ ഹാത്വേ മൂന്നാമത്തെ കുഞ്ഞിന്റെ വരവിന് മുന്നോടിയായുള്ള മാനസികാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.'ഞങ്ങൾ വളരെയധികം സന്തോഷത്തിലാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ പ്രധാനമായും ശ്രദ്ധിക്കുന്നത് നാലംഗ കുടുംബമായി കഴിയുന്ന ഈ നിമിഷങ്ങൾ ആസ്വദിക്കാനാണ്. കാരണം, ഞങ്ങളുടെ ജീവിതത്തിൽ എല്ലാം മാറാൻ പോകുകയാണ്. പ്രത്യേകിച്ച് കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകും. മനോഹരമായ ഒരു പുതിയ ഘട്ടത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് കടക്കുകയാണ്',- താരം പറഞ്ഞു.മക്കൾ ഇപ്പോൾ വളർന്നുവരികയാണെന്നും പത്തും ഏഴിനോട് അടുക്കുന്ന പ്രായത്തിലുമാണെന്നും ആൻ ഹാത്വേ പറഞ്ഞു. കുറച്ചുകാലമായി നാലുപേരടങ്ങുന്ന കുടുംബമായാണ് തങ്ങൾ ജീവിക്കുന്നത്. പുതിയ കുഞ്ഞ് എത്തുന്നതോടെ ആ കുടുംബജീവിതത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ആൻ കൂട്ടിച്ചേർത്തു.

also read : 2 വയസ് തികഞ്ഞിട്ടില്ല,ഒറ്റ പോസിൽ ജീവിതം മാറി; വൈറലായി ഓറ കിഡ് ഭോണ്ടു ബച്ചാ

ദി ഡെവിൾ വെയേഴ്‌സ് പ്രാഡയുടെ രണ്ടാം ഭാഗത്തിന്റെ അന്താരാഷ്ട്ര പ്രമോഷൻ പരിപാടികളിലുടനീളം ആൻ ഹാത്വേ ഗർഭവിവരം രഹസ്യമായി സൂക്ഷിച്ചിരുന്നു.സിനിമയുടെ പ്രചാരണത്തിനിടയിൽ വാർത്ത പുറത്തുവിട്ട് ശ്രദ്ധ തിരിക്കാൻ താരം ആഗ്രഹിച്ചിരുന്നില്ലെന്നാണ് പീപ്പിൾ മാഗസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. സിനിമയ്ക്ക് ലഭിക്കുന്ന ശ്രദ്ധ അതിൽത്തന്നെ നിലനിർത്താനും ഗർഭവാർത്ത എപ്പോൾ, എങ്ങനെ പുറത്തുവിടണമെന്ന് സ്വയം തീരുമാനിക്കാനുമായിരുന്നു താരത്തിന്റെ ആഗ്രഹം.

43-ാം വയസ്സിലെ ഗർഭധാരണം

ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്‌സ് പരിപാടിയിൽ പങ്കെടുത്തപ്പോഴും ഗർഭധാരണത്തെക്കുറിച്ച് ആൻ ഹാത്വേ സംസാരിച്ചിരുന്നു. 43-ാം വയസ്സിൽ വീണ്ടും ഗർഭിണിയായതിൽ തനിക്കുണ്ടായ അമ്പരപ്പും സന്തോഷവും താരം പങ്കുവച്ചു.'ഇത് അതിശയകരമാണ്. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ അത് വിജയിച്ചതിൽ ഞങ്ങൾ ശരിക്കും അമ്പരന്നുപോയി', എന്നായിരുന്നു സേത്ത് മെയേഴ്‌സിനോട് താരത്തിന്റെ പ്രതികരണം.

'കാര്യങ്ങൾ ഇങ്ങനെയൊരു രീതിയിൽ സംഭവിച്ചതിൽ ഞങ്ങൾ അത്ഭുതപ്പെട്ടു. അതുകൊണ്ട് ഈ കുഞ്ഞിനെ ഞങ്ങൾ 'ബസർ ബീറ്റർ' എന്നാണ് വിളിക്കുന്നത്', എന്നും താരം തമാശയായി പറഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷത്തിൽ വിജയകരമായി നേടുന്ന പോയിന്റിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് 'ബസർ ബീറ്റർ'.ആൻ ഹാത്വേയ്ക്കും ആദം ഷുൽമാനും ജോനാഥൻ, ജാക്ക് എന്നീ രണ്ട് ആൺമക്കളുണ്ട്. ജോനാഥന് പത്ത് വയസ്സും ജാക്കിന് ആറ് വയസ്സുമാണ് പ്രായം. സിനിമാരംഗത്തും തിരക്കിലാണ് താരം. അടുത്തിടെ വെരിറ്റി എന്ന ചിത്രത്തിലാണ് ആൻ ഹാത്വേ അവസാനമായി അഭിനയിച്ചത്. ക്രിസ്റ്റഫർ നോളന്റെ ദി ഒഡീസിയിലും ശ്രദ്ധേയമായ താരനിരയുടെ ഭാഗമായി ആൻ ഹാത്വേ എത്തിയിരുന്നു.