57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് നോർത്ത് ഈസ്റ്റിൽ നിന്ന് നാല് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ട് ഫീച്ചർ സിനിമകളും രണ്ട് നോൺ-ഫീച്ചർ സിനിമകളും ഉൾപ്പെടുന്നു. നോർത്ത് ഈസ്റ്റിലെ ജനതയുടെ പരമ്പരാഗത രീതികൾ, സാമൂഹിക മാറ്റങ്ങൾ, ദൈനംദിന ജീവിതം എന്നിവ വെള്ളിത്തിരയിൽ അടയാളപ്പെടുത്തുന്നവയാണ് ഈ ചിത്രങ്ങൾ. ഇന്ത്യൻ പനോരമയിലെ ഫീച്ചർ സിനിമാ വിഭാഗത്തിൽ നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണുള്ളത്. അരുണാചൽ പ്രദേശിൽ നിന്നുള്ള സൈക്കോളജിക്കൽ ത്രില്ലറും അസമിൽ നിന്നുള്ള ഒരു സോഷ്യൽ ഡ്രാമ ജോണറിലുള്ള ചിത്രവുമാണ് ഈ വിഭാഗത്തിൽ ലോകശ്രദ്ധ നേടുന്നത്.

To advertise here,

'ഉരും'

ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ന്യീഷി (Nyishi) ഭാഷാ ചിത്രമെന്ന ചരിത്രപരമായ നേട്ടമാണ് 'ഉരും' കരസ്ഥമാക്കിയത്. ഡുയു തബ്യോ സംവിധാനം ചെയ്ത ഈ സൈക്കോളജിക്കൽ ത്രില്ലർ അരുണാചൽ പ്രദേശിലെ ഒരു വിദൂര മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ലോക പ്രീമിയറാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നടക്കുന്നത്. തന്റെ കൊച്ചുമകളെ നഷ്ടപ്പെട്ടതിനെത്തുടർന്ന് കുറ്റബോധം വേട്ടയാടുന്ന ഒരു പിതാവിന്റെ മാനസിക സംഘർഷങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്.

'സൂര്യമുഖി'

നടനും നാടകപ്രവർത്തകനുമായ അന്തര ജി.ജി. ചൗധരി സംവിധാനം ചെയ്ത അസമീസ് ചിത്രമാണ് 'സൂര്യമുഖി'. ഈ ചിത്രത്തിന്റെ ലോക പ്രീമിയറും മേളയിൽ നടക്കും. നഗര പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമ, പുഷ്പൽ, പ്രാർത്ഥന എന്നീ രണ്ട് യുവ സഹപ്രവർത്തകരുടെ കഥയാണ് പറയുന്നത്. മത്സരബുദ്ധിയിൽ നിന്ന് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളരുന്ന ഇവരുടെ ബന്ധം പണം അടങ്ങിയ ഒരു ബാഗ് അപ്രതീക്ഷിതമായി ലഭിക്കുന്നതോടെ വലിയ അസ്വാരസ്യങ്ങളിലേക്ക് കടക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

നോൺ-ഫീച്ചർ വിഭാഗത്തിൽ അസമിന്റെ കൈത്തറി പാരമ്പര്യത്തെയും മിസോറാമിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തെയും ആസ്പദമാക്കിയുള്ള രണ്ട് ഡോക്യുമെന്ററികളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അവാർഡ് ജേതാവായ സംവിധായിക ഐമി ബറുവ രചനയും സംവിധാനവും നിർവ്വഹിച്ച 30 മിനിറ്റ് ദൈർഘ്യമുള്ള അസമീസ് ഡോക്യുമെന്ററിയാണ് 'റെഡ് കാർപെറ്റ്'. അസമിലെ കാർബി ആംഗ്ലോങ് കുന്നുകളുടെ പശ്ചാത്തലത്തിൽ പരമ്പരാഗത കൈത്തറി നെയ്ത്തുവിദ്യയുടെ പാരമ്പര്യമാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

ഡോങ്കാമോകാം ഗ്രാമത്തിലെ ഒരു കാർബി നെയ്ത്തുകാരി കാൻസ് ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റിലേക്ക് നടത്തുന്ന അസാധാരണമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തദ്ദേശീയ കരകൗശല വിദഗ്ദ്ധരുടെ അതിജീവനവും കാർബി നെയ്ത്തു പാരമ്പര്യത്തിന്റെ സമ്പന്നതയും പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചിത്രം എടുത്തുപറയുന്നു.

രാജ്ദീപ് ചൗധരി സംവിധാനം ചെയ്ത 48 മിനിറ്റ് ദൈർഘ്യമുള്ള ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ് 'ചലോ ഇന്ത്യ വിത്ത് എറിക് ജി - മിസോറാം'. മുൻ ബ്രിട്ടീഷ് പാർലമെന്റ് അംഗവും ചരിത്ര അധ്യാപകനുമായ എറിക് ഒല്ലെറെൻഷോ ഒബിഇ മിസോറാമിന്റെ സാമൂഹിക-സാംസ്കാരിക ജീവിതം വരച്ചുകാട്ടുന്നതാണ് ഈ ഡോക്യുമെന്ററി. മിസോറാമിലെ ഉയർന്ന സാക്ഷരതാ നിരക്ക്, പൗരബോധം, ഫുട്ബോൾ സംസ്കാരം എന്നിവയ്ക്കൊപ്പം ബിസിനസ്സ്, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി നേതൃത്വം എന്നീ മേഖലകളിൽ മിസോ വനിതകൾ നൽകുന്ന വലിയ സംഭാവനകളെയും ചിത്രം വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്.

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗം നോർത്ത്ഈസ്റ്റ് ചലച്ചിത്രമേഖലയുടെ കരുത്തും വൈവിധ്യവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.