കൊൽക്കത്ത: സാമൂഹികമാധ്യമത്തിലൂടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ നടത്തിയ ഇംഗ്ലീഷ് പ്രൊഫസറുടെ ശ്രമം പരിഹാസത്തിൽ കലാശിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അർപിത ചാറ്റർജിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് എക്സിൽ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഈ ശ്രമം സോഷ്യൽ മീഡിയയിൽ അവർക്ക് തന്നെ വലിയ തിരിച്ചടിയായി മാറി.

To advertise here,

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ ഗ്രാമർ പിശകുകൾ ഉപയോക്താക്കൾ അക്കമിട്ട് നിരത്തി പരിഹസിക്കുകയാണ്. രാഷ്ട്രീയമായ വിമർശനത്തേക്കാൾ പ്രൊഫസറുടെ ഭാഷാപരമായ പിശകുകൾക്കാണ് ഇന്റർനെറ്റിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്.

രാഹുൽ ഗാന്ധി മുൻപ് 'അന്ധഭക്തരെ' (andhbhakts) കുറിച്ച് നടത്തിയ പരാമർശങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് അർപിത എക്സിൽ കുറിപ്പ് പങ്കുവെച്ചത്. താനൊരു അഭിമാനിയായ അന്ധഭക്തയാണെന്നും ഇംഗ്ലീഷിലും എഡ്യൂക്കേഷനിലും മാസ്റ്റേഴ്സ് ബിരുദമുണ്ടെന്നും ബി.എഡ് ബിരുദത്തിന് പുറമെ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. "നിങ്ങളുടെ അഭിപ്രായത്തിൽ ഒരു അന്ധഭക്തൻ വിഡ്ഢിയാണ്. ഞാൻ ഒരു വിഡ്ഢിയാണോ? നിങ്ങൾക്ക് ഉറപ്പാണോ?" എന്നായിരുന്നു അവരുടെ ചോദ്യം.

ചാറ്റർജിയുടെ വിമർശനത്തേക്കാൾ പല ഉപയോക്താക്കളും ശ്രദ്ധിച്ചത് അവരുടെ വ്യാകരണത്തിലാണ്. ഈ കുറിപ്പിലെ തെറ്റായ വാചകഘടനയും ഗ്രാമർ പിശകുകളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെട്ടെന്ന് തന്നെ കണ്ടെത്തി തിരുത്താൻ തുടങ്ങി. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള ഒരാൾ ഇത്തരത്തിൽ തെറ്റുകൾ വരുത്തിയത് പലരെയും അത്ഭുതപ്പെടുത്തി. "having two master's degree" എന്നതിന് പകരം "having two master's degrees" എന്നും "pursuing PhD" എന്നതിന് പകരം "pursuing a PhD" എന്നും വേണമെന്ന് ഉപയോക്താക്കൾ അവരെ തിരുത്തിപ്പഠിപ്പിച്ചു.